Movies

‘നീണ്ട 12 വര്‍ഷങ്ങള്‍… ഒടുവില്‍ ഫെെനല്‍സ് പിറക്കുകയായിരുന്നു’

പുതുമയുള്ള കഥാപശ്ചാത്തലവുമായി പ്രേക്ഷകരിലേക്ക് ഇറങ്ങിയ ഫെെനല്‍സ് ഇന്ന് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. 12 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന് പിന്നിലെ അറിയാകഥകള്‍, അതിലേക്ക് നയിച്ച ജീവിത യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുന്നു സംവിധായകന്‍ പി.ആര്‍ അരുണ്‍.

നാടക സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നിന്നും നവാഗത ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ചിത്രം തന്നെ ഒരു കായിക പ്രാധാന്യമുള്ള സിനിമയാക്കുവാനുള്ള പ്രചോദനമെന്താണ്? അതിനുവേണ്ടി നടത്തിയ ഒരുക്കങ്ങൾ എന്തെല്ലാമാണ്?

ഞാൻ ഒരു നാടക പ്രവർത്തകനായിരിക്കെ തന്നെ ശ്രദ്ധയിൽപ്പെട്ട പത്രവാർത്തയാണ് ഈ സിനിമയിക്ക് പിന്നിലെ മുഖ്യ പ്രചോദനം. മഞ്ചേരിയിൽ നടന്ന സംസ്ഥാന സൈക്കിളിങ് ചാമ്പ്യൻഷിപ്പിനിടയിലാണ് ഷൈനി സൈലസ് എന്ന സംസ്ഥാന ചാമ്പ്യൻ വാഹനമിടിച്ചു മരണപെടുന്നത്. പക്ഷേ ഇത് ഒരിക്കലും വലിയ ഒരു വാർത്തയാകുന്നില്ല.

എന്റെ നിരീക്ഷണത്തിൽ നിന്ന് നോക്കുമ്പോൾ ചില ജനവിഭാഗങ്ങളുടെ ജീവിതവും മറ്റും വലിയ വാർത്തയാകുമ്പോൾ ചില വിഭാഗങ്ങളുടെ ജീവിതം വാർത്തയാകുന്നേയില്ല. ക്രിക്കറ്റിലെ പ്രശസ്തർ എന്ത് ധരിക്കുന്നു എന്ത് കഴിക്കുന്നു എന്നതെല്ലാം വാർത്തയാകുന്ന ഈ കാലത്ത് ഇതുപോലെ ചില കായിക താരങ്ങൾ മരിക്കുന്നതുപോലും ഒരു വാർത്തയെ ആകുന്നില്ല. എനിക്ക് ഇതിൽ നിന്നുണ്ടായ അമർഷവും വിദ്വേഷവുമൊക്കെയാണ് ഒരു സൈക്ലിസ്റ്റിന്റെ ജീവിതം സിനിമയാകണം എന്ന നിലപാടിലേക്ക് എന്നെ എത്തിച്ചത്. ഇതിനുവേണ്ടി ഷൈനി സൈലസിന്റെ ജീവിതം സിനിമയാക്കാൻ ആല്ല ഞാൻ ശ്രമിച്ചത്, മറിച്ച് ഫിക്ഷനൽ ആയ ഒരു കഥ പറയുകയും അത് ഷൈനിക്കു വേണ്ടി സമർപ്പിക്കുവാനുമാണ് തീരുമാനിച്ചത്.

അങ്ങനെയാണ് കേരളത്തിൽ ഉടനീളം ഈ മേഖലയുമായി ബന്ധമുള്ള താരങ്ങളുമായി അഭിമുഖം നടത്തിയത്. അതിൽ നിന്നും ഇവർ നേരിടുന്ന പല അസമത്വങ്ങളും അവഗണനകളും തിരിച്ചറിയാൻ സാധിച്ചു. ഇതെല്ലാം സിനിമയിലും ആവിഷ്കരിച്ചിട്ടുണ്ട്.

ഷൈനി സൈലസ് എന്ന സൈക്ലിസ്റ്റിന്റെ ജീവിതത്തിലെ സംഭവകഥയെ ഫിക്ഷണൈസ് ചെയ്ത് തിരക്കഥ രചിച്ചപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമാണ്?

പ്രധാന വെല്ലുവിളി എന്ന് പറയുന്നത് ഹാസ്യം തീരെ കുറവുള്ള, അത്രയും സീരിയസും തീവ്രവുമായ ഒരു കഥ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടതായിട്ടുണ്ടായിരുന്നു.

നാടകമാകുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതിലുപരി കലാപരമായി അതിനെ എത്രത്തോളം ഉയർത്താം എന്നാണ് നാം ചിന്തിക്കുക. സിനിമയിലേക്ക് വരുമ്പോൾ ഇതിൽ ക്യാപിറ്റൽ വരുന്നുണ്ട്, കോടികളുടെ ഇൻവെസ്റ്റ്മെന്റ് വരുന്നുണ്ട്. ഇതെല്ലാം ശ്രദ്ധയിൽ വെച്ചുകൊണ്ട് തന്നെ ഇതുപോലെ ഒരു പ്രമേയം സംസാരിക്കുന്ന ചിത്രം ജനങ്ങൾ എങ്ങനെ സ്വീകരിക്കും, അത് ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കും എന്നതായിരുന്നു ഞാൻ നേരിട്ട പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെയാണ് മേമ്പൊടി ഹാസ്യം ഒട്ടും തൂകാതെ ഒരു ഇമോഷണൽ ഇതിവൃത്തത്തിൽ നിന്നുകൊണ്ട് തിരക്കഥ രചിച്ചത്.

മണിയൻ പിള്ള രാജു എന്ന പ്രൊഡ്യൂസറിലേക്ക് സിനിമ എത്തുന്നത് എങ്ങനെയാണ്?

കഴിഞ്ഞ 12 വർഷത്തോളം കാലം ഞാൻ ഈ സിനിമ മനസ്സിൽ കൊണ്ട് നടക്കുന്നത്തിന്റെ ഒപ്പം വേറെ കഥകളും മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ‘ജമ്നാ പ്യാരി’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആ സെറ്റിൽ വെച്ചാണ് മണിയൻ പിള്ള ചേട്ടനെയും സുരാജ് ചേട്ടനെയും ഞാൻ പരിചയപ്പെടുന്നത്. അന്ന് തൊട്ടേ രാജു ചേട്ടൻ വേറെ കഥകൾ ഉണ്ടെങ്കിൽ പറയണം എന്ന് പ്രോത്സാഹിപ്പിച്ചിരുന്നു.

ഫൈനൽസിന്റെ കഥ കൈയിൽ ഉണ്ടായിരുന്നിട്ടും പടം സംവിധാനം ചെയ്യാൻ ഞാൻ മുതിർന്നില്ല. വേറെ സംവിധായകരെ സമീപിക്കുകയാണ് ചെയ്തത്. രണ്ട് കാരണങ്ങൾ ആയിരുന്നു ഇതിനു പിന്നിൽ. ഒന്ന്, ഹാസ്യം തീരെ ഇല്ലാത്ത പടം പറഞ്ഞു ഫലിപ്പിക്കുക എന്നത്. രണ്ട്, ഒരു കായിക പശ്ചാത്തലമുള്ള സിനിമ.

കൂടാതെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മാത്രമല്ല മറിച്ച്, മൂന്നു പ്രധാന കഥാപാത്രത്തിലൂടെ കഥ കൊണ്ടുപോകുക എന്നതും ഒരു വിഷയമായിരുന്നു. അപ്പോഴും രാജു ചേട്ടന് ഈ സിനിമയിൽ നല്ല വിശ്വാസമായിരുന്നു. കഥ കേട്ടതും എന്നോട് തന്നെ സംവിധാനം ചെയ്യാനാണ് രാജു ചേട്ടൻ പറഞ്ഞത്. അന്ന് അതിനു നിൽക്കാതെ സംവിധാനത്തിനു വേണ്ട ഗൗരവമായ തയാറെടുപ്പുകൾ നടത്തി. എന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം എന്നു വേണമെങ്കിൽ പറയാം. ജോലി രാജി വെച്ച് കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും നാടകത്തെ കൂടുതൽ ഗൗരവമായി പഠിച്ചു.

പിന്നീട് എന്റെ നേതൃത്വത്തിൽ ‘ഫിഫ്ത്ത് സ്റ്റേറ്റ്’ എന്ന നാടക കമ്പനി ആരംഭിച്ചു. നാടകങ്ങൾ ചെയ്ത് ചെയ്ത് ഇത് എന്റെ ഉള്ളിലെ സംവിധായകനെ വളർത്തി. രണ്ട് വർഷത്തിന് ശേഷം രാജു ചേട്ടൻ വിളിച്ച് വീണ്ടും സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ, സിനിമ ചെയ്യാം എന്ന് ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞതും അതുകൊണ്ടാണ്.

സൈക്കിൾ ബാലൻസ് പോലും ഇല്ലാതിരുന്ന രജീഷയെ ഒരു സൈക്ലിസ്റ്റ് ആയി അവതരിപ്പിക്കുക. എങ്ങനെയാണ് ആലീസ് എന്ന കഥാപാത്രം രാജേഷയിലേക്ക് എത്തുന്നത്?

‘ഫിഫ്ത്ത് സ്റ്റേറ്റ്’ എന്ന ഞങ്ങളുടെ ഗ്രൂപ്പിലെ ‘ഹാൻഡ്സ് ഓഫ് ഗോഡ് ‘ എന്ന നാടകത്തിൽ രാജീഷ അഭിനയിച്ചിട്ടുണ്ട്. അഭിനയിത്രി എന്നതിലുപരി ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ രജീഷയുമായി ആശയവിനിമയം നടത്താൻ എന്നിക്ക് സാധിച്ചിട്ടുണ്ട്.

പണ്ട് രജീഷയോട് ഈ കഥ പറഞ്ഞപ്പോഴും വളരെ ത്രിൽഡ് ആയിരുന്നു അവർ. പ്രൊഡ്യൂസർ ആയി രാജു ചേട്ടൻ ശരിയായതിനു ശേഷം ഞാൻ രജീഷയെ വിളിച്ച് ആലീസ് താൻ ആണെന്ന് പറഞ്ഞു. ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിക്കുമ്പോൾ നല്ലപോലെ ആ സ്ത്രീയുടെ ജീവിതവും നമ്മൾ അറിഞ്ഞിരിക്കണം. ഏതൊരു മേഖലയിലും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരു പോലെ പ്രതിസന്ധിയും സംഘർഷവും നേരിടേണ്ടതായി വരാം. എന്നാൽ ഒരു ആൺ കുട്ടി നേരിടുന്നതിനേക്കാളും പത്ത് ഇരട്ടിയാണ്, അതേ സാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു പെൺകുട്ടി നേരിടുന്നത്. ഇതെല്ലാം കോർത്തിണക്കി അവതരിപ്പിക്കാൻ രജീഷയിക്ക് സാധിക്കും എന്നൊരു ഉറപ്പ് എനിക്കുണ്ടായിരുന്നു. കാരണം വേറൊന്നുമല്ല രജീഷയുടെ സമർപ്പണബോധവും കഠിനാദ്ധ്വാനവുമാണ്.

സുരാജ് – രജീഷ എന്നിവരുടെ അച്ഛൻ – മകൾ ബന്ധത്തിനേക്കാൾ ഉപരി, കോച്ച് ആയ വർഗീസ് മാഷ് എന്ന സുരാജിന്റെ കഥാപാത്രം സിനിമയിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. ഈ ഒരു കഥാപാത്രത്തെ താങ്കൾ എങ്ങനെയാണ് വാർത്തെടുത്തത്ത്?

ഈ ഒരു കഥാപാത്രത്തെ മനസ്സിൽ കണ്ടപ്പോൾ തന്നെ ആദ്യം ഓർമ വന്നത് കൊരുത്തോട് സ്കൂളിലെ കായികാധ്യാപകനായ തോമസ് മാഷിനെയാണ്. അദ്ദേഹം കേരത്തിലെ ഒരുപാട് കായിക താരങ്ങളെ വാർത്തെടുത്ത പ്രതിഭയാണ്. സ്വന്തമായി അക്കാഡമിയും സ്കൂളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്രയും സമാനതകൾ വർഗീസ് മാഷിലും കാണാം. അതുകൊണ്ട് തന്നെ തോമസ് മാഷിന്റെ നിൽപ്പും നടപ്പും ഭാഷയുമെല്ലാം വർഗീസ് മാഷിനെ വാർത്തെടുക്കുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

പിന്നെ അധ്യാപനം ഒരു മികച്ച ജോലിയും കലയുമായാണ് ഞാൻ കാണുന്നത്. കാരണം അധ്യാപകർക്ക് അവരുടെ ശിഷ്യരുടെ കഴിവുകൾ കണ്ടെത്താനുള്ള കണ്ണും കാതും എപ്പോഴും ഉണ്ടായിരിക്കും. ഇതേ കണ്ണുകള്ളോട് കൂടിയുള്ള വർഗീസ് മാഷിനെയാണ് ഫൈനൽസിൽ നമ്മുക്കുടനീളം കാണാൻ സാധിക്കുക.

ഫൈനൽസ് റീലിസ് ആയ ആദ്യ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ തീയേറ്ററുകളിൽ ആളുകളുടെ എണ്ണം കൂടുതലാണ്. ഈ വർധനയ്ക്കു പിന്നിൽ നവ മാധ്യമങ്ങളുടെ പങ്കിനെ എങ്ങനെയാണ് താങ്കൾ നോക്കികാണുന്നത്?

തീർച്ചയായും തീയേറ്ററുകളിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടിയതിന്റെ മുഖ്യ കാരണം ന്യൂ മീഡിയ ആണ്. നവ മാധ്യമത്തിന്റെ പോസിറ്റീവ് വശം കൂടുതലും അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ.

ഒരിക്കൽ ഞങ്ങൾ ഗോവ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞു വരുമ്പോഴാണ് ചെന്നൈയിൽ പ്രളയം ഉണ്ടാകുന്നത്. അവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് ‘അൻപൊടു കൊച്ചി’ എന്ന ചെറിയ ഒരു ഗ്രൂപ്പ്‌ തുടങ്ങുന്നത്. ഭാര്യ മുത്തുമണിയും ഞാനും വേറെ ഏഴ് പേരും കൂടി ചേർന്നിട്ടാണ് ഇത് തുടങ്ങുന്നത്. ഈ ഗ്രൂപ്പ്‌ തുടങ്ങിയ അവസരത്തിൽ ഒരു പെട്ടിയെങ്കിലും ആവിശ്യമുള്ള സാധനങ്ങൾ എത്തിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് അവസാനം ചെന്നെത്തിയത് 262 ടൺ സാധനങ്ങളുമായിട്ടാണ്. ഇത് സാധിച്ചത് സോഷ്യൽ മീഡിയ വഴിയാണ്.

ഇന്ന് ആ ഗ്രൂപ്പിൽ 5000ൽ അധികം ആളുകൾ ഉണ്ട്. ഇതുപോലെ തന്നെയാണ് സോഷ്യൽ മീഡിയ മാജിക് തന്നെയാണ് എന്റെ ആദ്യ സിനിമ സംരംഭത്തെയും പിന്തുണച്ചത്. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ പടത്തിനെ കഴിഞ്ഞ നാലു ദിവസമായിട്ട് ഹൗസ് ഫുൾ ആക്കിയതും ഈ നവ മാധ്യമങ്ങൾ ആണ്. അവരോട് വളരെയധികം നന്ദിയും ഉണ്ട്.

ഒരു ഭാര്യ എന്നതിലുപരി ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമയ്ക്കുവേണ്ടിയുള്ള മുത്തുമണിയുടെ സംഭാവന എന്തൊക്കെ ആയിരുന്നു?

എല്ലാത്തിലുമുപരി മുത്തുമണി എന്ന സുഹൃത്തിന്റെ സംഭാവനയാണ് ഈ സിനിമയിൽ കൂടുതലും ഉള്ളത്. ഇതുവരെയുള്ള എന്റെ എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന് എന്നെ മനസിലാക്കി ഒരു താങ്ങും തണലുമായി നിന്ന ഉറ്റ സുഹൃത്താണ് മുത്തുമണി. ഇത് തന്നെയാണ് ഈ സിനിമയിലേക്ക് മുത്തുമണിയുടെ ഏറ്റവും വലിയ സംഭാവന.

പിന്നെ അവർ അവതരിപ്പിച്ച മഫ്ത ധരിക്കുന്ന മുസ്‍ലിം പത്രപ്രവർത്തക എന്ന കഥാപാത്രത്തിനോട് പുലർത്തിയ നീതി. തന്റെ ഇഷ്ട്ടത്തിനനുസരിച്ചു ജീവിക്കുന്ന സ്ത്രീസമൂഹത്തിന്റെ പ്രതിനിധി ആയിട്ടാണ് ആ ഒരു കഥാപാത്രത്തെ ഞങ്ങൾ അവതരിപ്പിച്ചത്. അത് വ്യക്തമായി മനസിലാക്കി ചെയ്ത് ആളാണ് മുത്ത്. ഞങ്ങളൾ ആദ്യമായ് പരിചയപ്പെടുന്നത് തന്നെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഒരു പ്രൊഡക്ഷനിൽ ആണ്. അന്ന് തൊട്ടേ ഞങ്ങളുടെ ഇടയിൽ ഉള്ളതാണ് ഈ ക്രീയേറ്റീവ് സ്പേസും സിനിമയും അഭിനയവുമൊക്കെ. ആ സംഭാവനകൾ വളരെ വലുതാണ്.