India National

ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്

ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്. ആദായനികുതി നിരക്കിനെക്കാൾ കുറഞ്ഞ കോർപറേറ്റ് നികുതി ജനവിരുദ്ധമാണ്.രണ്ടാം മോദി സർക്കാർ ഒരടി മുന്നോട്ട് പോകുമ്പോള്‍ മൂന്നടി പിന്നിലേക്ക് പോകുക ആണെന്നും കോൺഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.

ഇന്ത്യൻ കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയും പുതിയ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനവുമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇത് സാമ്പത്തികമായി കനത്ത ആഘാതം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. നികുതി വരുമാനത്തിൽ പ്രതിവർഷം ഒരു ലക്ഷത്തി 45 ആയിരം കോടിയുടെ കുറവുണ്ടാകും. ആദായ നികുതി നൽകുന്ന വ്യക്തികളെക്കാൾ കോർപറേറ്റുകൾക്ക് കുറഞ്ഞ നികുതി പ്രഖ്യാപിച്ചത് ജനവിരുദ്ധമാണ്.

പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക ബജറ്റിനെ കളിയാക്കുന്നതാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും നീക്കങ്ങളെന്നും കോൺഗ്രസ് വക്താവ് രണ്‍ദീപ് സുർജെവാല പറഞ്ഞു. സാമ്പത്തിക ബജറ്റിനെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സര്‍ക്കാര്‍ അംഗീകരിക്കണം. അതിനുസൃതമായി ഉടൻ ഫലപ്രദമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കണം. മധ്യവര്‍ഗത്തിന്റെ കൈകളിലേക്ക് പണം എത്താനുള്ള പ്രഖ്യാപനങ്ങളാണ് ആവശ്യമെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.