International

കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കയിലെ വെള്ളക്കാര്‍: വീഡിയോ വൈറല്‍

‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു’

കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ വംശീയകൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നതിനിടെ കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി മാപ്പിരന്ന് അമേരിക്കയിലെ വെള്ളക്കാര്‍. നൂറ്റാണ്ടുകളായി തുടര്‍ന്ന വംശീയതയില്‍ മാപ്പ് ചോദിച്ചാണ് അമേരിക്കയിലെ വെള്ളക്കാര്‍ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ നാടായ ഹോസ്റ്റണില്‍ കറുത്തവര്‍ക്ക് മുന്നില്‍ മുട്ടികുത്തി മാപ്പ് ചോദിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു’ എന്ന് വെളുത്ത വംശജര്‍ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട്

സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിനിയപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമിനിറ്റോളം പൊലീസ് കഴുത്തില്‍ അമര്‍ത്തി പിടിച്ചതോടെ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. സംഭവം തെരുവില്‍ കണ്ട ഒരാള്‍ ‌വീഡിയോ പകര്‍ത്തുകയും, സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനക്കുന്നത്. അമേരിക്കന്‍ പൊലീസിന്‍റെ വംശീയ പെരുമാറ്റം ചൂണ്ടിക്കാട്ടി വന്‍ വിമര്‍ശനവും പ്രതിഷേധവുമാണ് അമേരിക്കയില്‍ ഉയരുന്നത്. തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ ‘ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നേ’ എന്നുയര്‍ത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വലിയ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലയിടങ്ങളിലും സായുധ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.