റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് 5 കോവിഡ് വാക്സിന്‍ ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ വാദം. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്.
ഫൈസര്‍ കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിനും വാക്സിന്‍ ഉപയോഗത്തിന് ആവശ്യപ്പെടുന്നത്. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി റഷ്യ ചർച്ച നടത്തിവരുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഫൈസര്‍ വാക്സിനിലൂടെ കോവിഡ് വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറിയിരുന്നു. വാക്സിന്‍ കോവിഡില്‍ നിന്ന് 95 ശതമാനം സംരക്ഷണം നല്‍കുന്നുവെന്നാണ് ബ്രിട്ടന്റെ മെഡിസിന്‍ റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടെ വിലയിരുത്തല്‍. ബ്രിട്ടനിൽ കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികൾക്കു നിർദേശം നല്‍കിയിരുന്നു. പത്തുദിവസത്തിനുള്ളിൽ ഫൈസർ/ബയോടെക് വാക്സീൻ ബ്രിട്ടനിൽ വിതരണത്തിനു എത്തിക്കുമെന്നു ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സീൻ നൽകണമെന്നത് സംബന്ധിച്ച് വാക്സിൻ കമ്മിറ്റി തീരുമാനമെടുക്കും.