International

വിശ്വസിക്കാന്‍ കൊള്ളാത്ത നാട്, ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക

നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന തെമ്മാടി രാജ്യമാണ് ചൈന. ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ

ഗാല്‍വന്‍ താഴ്‌വരയില്‍ അവകാശവാദം ആവര്‍ത്തിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം. ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തി. ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത നാടാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു.

ഗാൽവാൻ താഴ്‍വരയിൽ നിന്ന് പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന സൂചനകൾക്കിടയിലാണ് ഇന്ത്യൻ മണ്ണിനു മേൽ അവകാശവാദം കടുപ്പിച്ച് ചൈന വീണ്ടും രംഗത്തെത്തിയത്. ഇന്ത്യന്‍ ഭൂമി ആരും കയ്യേറുകയോ പോസ്റ്റുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ പ്രസ്താവന.

ഗാൽവാൻ താഴ്‌വരയിൽ ചൈനയുടെ നിയന്ത്രണത്തിൽ കീഴിൽ ഉള്ളതും വർഷങ്ങളായി പട്രോളിങ് നടത്തി വരുന്നതുമായ ഭൂമി കയ്യേറിയാണ് ഇന്ത്യ റോഡുകളും പാലങ്ങളും നിർമ്മിച്ചതെന്ന പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജൂൺ 6ന് നടന്ന ചർച്ചയിൽ ചൈനയുടെ കയ്യിലുള്ള ഭൂപ്രദേശങ്ങളിലേക്ക് കടക്കില്ലെന്ന് ഇന്ത്യ നൽകിയ ഉറപ്പ് ഇന്ത്യൻ സൈനികർ ജൂൺ 15 ന് ലംഘിക്കുകയാണ് ചെയ്തതെന്നും ചൈന ആരോപിച്ചു.

ഇതിനിടെ പ്രശ്നത്തിൽ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തി. നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന തെമ്മാടി രാജ്യമാണ് ചൈനയെന്നും ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ കുറ്റപ്പെടുത്തി.