International

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. അഞ്ച് വർഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ നിരന്തരം സഹായങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. യുഎസ് നടപടിയെ അപലപിച്ച് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍ എന്നാണ് ട്രംപ് ഭരണകൂടം ക്യൂബയെ വിശേഷിപ്പിച്ചിരിക്കുന്നത്.

1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് യുഎസും ക്യൂബയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്‍റെ ഭാഗമായി 2015 ൽ പ്രസിഡന്‍റ് ബരാക് ഒബാമ ക്യൂബയെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു.