ബ്രിട്ടനിലെ റോയൽ സൊസൈറ്റി പബ്ലിക് ഹെല്ത്ത് നടത്തിയ സർവേയിൽ, കറുത്ത വർഗക്കാരിലും, ഏഷ്യൻ- ന്യുനപക്ഷ വംശക്കാരിലും പെട്ട 57 ശതമാനം പേര് മാത്രമേ വാക്‌സിനെടുക്കുന്നതിനോട് താല്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു. വാക്‌സിനിൽ പന്നിമാംസവും മറ്റ് പല മൃഗങ്ങളുടെ ഉത്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് ഈ വിരക്തിയുടെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഡി.എൻ.എയിൽ രൂപാന്തരം സംഭവിക്കാൻ ഇടയാവുകയും, ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യും എന്നുമുള്ള പ്രചാരണങ്ങളും ബ്രിട്ടനിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് വംശീയ ന്യുനപക്ഷങ്ങൾ വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ വാക്‌സിനെടുക്കാൻ തയ്യാറാകണം എന്ന് താരങ്ങൾ ആവശ്യപ്പെട്ടത്.
ബ്രിട്ടനിൽ കോവിഡ് വ്യാപനവും മരണവും നിയന്ത്രണാതീതം ആകുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി ബോറിസ് ജോൺസണെതിരെയുള്ള ജനവികാരവും വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ നിലവിലെ അവസ്ഥയിൽ തനിക്ക് അതിയായ ഘേദമുണ്ടെന്ന് ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. “രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ലക്ഷം കവിഞ്ഞതിൽ അതിയായ ഘേദമുണ്ട്. ഈ ഭയാനകമായ കണക്ക് ഉൾകൊള്ളാൻ തന്നെ വളരെയധികം പ്രയാസമുണ്ട്” ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു.