International

യു.എ.ഇയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ പുതുതായി 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

യു.എ.ഇയിലെ എല്ലാ വിദ്യാലയങ്ങളും നാളെ മുതൽ ഒരു മാസം അടഞ്ഞുകിടക്കും. കോവിഡ് 19 സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാകും.

യു.എ.ഇയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ പുതുതായി 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾക്ക് സാധ്യത വർധിച്ചിരിക്കുകയാണ്.

ഇന്ന് വെളുപ്പിനാണ് 15 പേർക്ക് കൂടി രോബാധ സ്ഥിരീകരിച്ച വിവരം യു.എ.ഇ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 രോഗികളുടെ എണ്ണം 45 ആയി. ഇന്ത്യക്കു പുറമെ തായ്‍ലാന്റ്, മൊറോക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സൗദി, എത്യോപ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു വീതം പേരും സ്വദേശികളായ മൂന്നുപേർക്കും രോഗം പിടികൂടി. കൂടുതൽ പേർ നിരീക്ഷണത്തിലുണ്ട്. ഇതിനകം രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ പൂർണവിമുക്തി നേടിയതായും അധികൃതർ വെളിപ്പെടുത്തി.

യു.എ.ഇയിലെ എല്ലാ വിദ്യാലയങ്ങളും നാളെ മുതൽ ഒരു മാസം അടഞ്ഞുകിടക്കും. കോവിഡ് 19 സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാകും.

അതിനിടെ, യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും സൌദിയിലേക്ക് വിമാനമാര്‍ഗം മാത്രമേ അനുമതി നൽകൂ എന്ന് അധികൃതർ വ്യക്തമാക്കി. റോഡ് മാര്‍ഗമുള്ള യാത്രക്ക് താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തി. സൗദിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇറാനില്‍ നിന്നും കുവൈത്ത്, ബഹ്റൈന്‍ മുഖേനയാണ് സൗദിയില്‍ എത്തിയിരുന്നത്. ജലമാര്‍ഗമുള്ള യാത്രകൾക്കും വിലക്കുണ്ട്.ചരക്കു വാഹനങ്ങൾ പരിശോധന നടത്തിയാണ് സൗദിയിലേക്ക് കടത്തിവിടുന്നത്.