International

ശ്രീലങ്കയിലെ ഭീകരാക്രമണം: മരണം 359 ആയി, 18 പേര്‍ കൂടി അറസ്റ്റില്‍

ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. കൊല്ലപ്പെട്ടവരില്‍ 39 പേര്‍ വിദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍ കൂടി അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 39 പേര്‍ വിദേശകളാണെന്നും 17 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 40 ശ്രീലങ്കന്‍ പൌരന്‍മാര്‍ക്ക് പുറമെ 18 പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.

രാജ്യത്തിന് പുറത്ത് പരിശീലനം ലഭിച്ചവരാണ് സ്ഫോടനത്തിന് പിന്നിലെന്നും സ്ഫോടനത്തിന് പിന്നില്‍ ഐ.എസ് ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ന്യൂസിലാന്‍ഡില്‍ മുസ്‍ലിം പള്ളിയില്‍ ക്രിസ്ത്യന്‍ തീവ്രവാദി നടത്തിയ കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടയില്‍ ബോംബാക്രമണം നടന്നതെന്ന് ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രി റുവാന്‍ വിജേവര്‍ദ്ധനെ പറഞ്ഞു.