റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ച് റഷ്യ. എന്നാൽ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ് നൽകി. ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. യുഎസ് – ചൈന അധികൃതർ റോമിൽ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം.
എന്നാൽ യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത റഷ്യ തള്ളി . യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകണവുമായി ക്രെംലിന്‍ രംഗത്തെത്തിയത്. യുക്രൈനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യുഎസ്
ഉദ്യോഗസ്ഥരാണ് ആരോപിച്ചത്.
യുക്രൈന് മുകളിലുള്ള റഷ്യയുടെ സൈനിക ആക്രമണങ്ങളെ അധിനിവേശം എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ചൈന. എല്ലാ പ്രതിസന്ധികൾക്കും കാരണം യുഎസ് ആണെന്ന് ഒരു ഘട്ടത്തിൽ തുറന്നടിക്കുകയും ചെയ്തിരുന്നു. അമേരിക്ക റഷ്യയ്ക്കുമേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പടുത്തുന്നതിനെതിരെ ചൈന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഉപരോധങ്ങൾ ജനജീവിതം ദുരിതം നിറഞ്ഞതാക്കുമെന്നും ഒഴിവാക്കാൻ നടപടി വേണമെന്നുമായിരുന്നു ചൈനയുടെ ആവശ്യം.