കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ ജോലിയിലേക്ക് മാറുന്നതിനുമായാണ് ഖത്തര്‍ ചേമ്പര്‍ jobs.qatar chamber.com ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റാണ് പുതിയ സേവനങ്ങളുള്‍പ്പെടുത്തി നവീകരിച്ചത്. സ്വകാര്യ കമ്പനികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലാണ് ഈ പോര്‍ട്ടല്‍ പുതുക്കിയിരിക്കുന്നത്.
പുതിയ തൊഴിലാളികളെ തേടുന്ന കമ്പനികള്‍ക്ക് ഈ ലിങ്ക് വഴി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും. രജിസ്ട്രേഷന്‍ പൂര‍്ത്തിയാകുന്നതോടെ സ്വന്തമായി യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതോടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായവരെ കമ്പനികള്‍ക്ക് തെരെഞ്ഞെടുക്കാന്‍ കഴിയും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ കമ്പനിയുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിനും ലഭ്യമാകുകയും ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ പ്രസ്തതുത കമ്പനി നടത്തിയിട്ടുണ്ടോയെന്ന് മന്ത്രാലയത്തിന് പരിശോധിക്കാനും കഴിയും. അങ്ങനെ നിയമലംഘനങ്ങള്‍ നടത്തിയ കമ്പനിയാണെങ്കില്‍ അവര്‍ക്ക് പ്ലാറ്റ്ഫോം വഴി പുതിയ തൊഴിലാളികളെ സ്വീകരിക്കാനാകില്ല.