International

സുരക്ഷിതത്വം കൂടുതല്‍, കുറ്റകൃത്യങ്ങള്‍ കുറവ്; ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമായി ഖത്തര്‍

ഇന്ത്യക്ക് ഈ പട്ടികയില്‍ അറുപത്തിയൊമ്പതാം സ്ഥാനത്താണ്

ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഖത്തര്‍. സുരക്ഷിതത്വം കൂടുതലുള്ളതും കുറ്റകൃത്യം കുറഞ്ഞതുമായ രാജ്യമെന്ന നിലയിലാണ് ഖത്തര്‍ റാങ്കിങില്‍ ഒന്നാമതെത്തിയത്. പട്ടികയില്‍ ഒമാന്‍ നാലാം സ്ഥാനവും സ്വന്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഡാറ്റാബേസായ നമ്പിയോ ആണ് വിശദമായ സര്‍വേ വഴി ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ രാജ്യങ്ങളുടെ റാങ്ക് തിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. മൊത്തം 133 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ അറബ് മേഖലയുടെയും ഏഷ്യന്‍വന്‍കരയുടെയും അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ഖത്തറാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ 88.10 പോയിന്‍റാണ് ഖത്തറര്‍ നേടിയത്. അതെ സമയം കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറ്റവും കുറവ് പോയിന്‍റും ഖത്തറിനാണ്.

ഈ വര്‍ഷം ജൂലൈ വരെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. തായ്‍വാന്‍, ജോര്‍ജ്ജിയ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യക്ക് ഈ പട്ടികയില്‍ അറുപത്തിയൊമ്പതാം സ്ഥാനത്താണ്. വെനിസ്വേലയാണ് ലോകത്ത് ഏറ്റവും കുറവ് സുരക്ഷിതത്വമുള്ള രാജ്യം.