International

കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ പ്രവാസികളെ ഒഴിവാക്കുന്നു

മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാനാണ് തീരുമാനം.

കുവൈത്തിൽ പൊതുമരാമത്തു മന്ത്രാലയത്തിൽ നിന്നും നാനൂറു വിദേശികളെ കൂടി ഒഴിവാക്കുന്നു. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാനാണ് തീരുമാനം.

പൊതുമേഖല പൂർണമായും സ്വദേശിവൽക്കരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി. പൊതുമരാമത്ത് മന്ത്രാലയത്തിലും അനുബന്ധവകുപ്പുകളിലും തൊഴിലെടുക്കുന്ന വിദേശി ജീവനക്കാരുടെ എണ്ണം മന്ത്രാലയത്തിലെ മൊത്തം തൊഴിൽ ശേഷിയുടെ അഞ്ചു ശതമാനത്തിൽ കൂടരുതെന്ന നിർദേശമാണ് മന്ത്രി റാണ അൽ ഫാരിസ് വിവിധ വകുപ്പുകൾക്ക് നൽകിയിരിക്കുന്നത്.

സേവനം അവസാനിപ്പിക്കുന്നതിനായി 550 ജീവനക്കാരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരുന്നത്. ഇതിൽ പബ്ലിക് വർക്ക്, റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവയിൽ നിന്ന് 150 ജീവനക്കാരുടെ സേവനം നേരത്തെ അവസാനിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടാൻ ആയിരുന്നു പദ്ധതി. എന്നാൽ വർഷാവസാനം വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് വകുപ്പ് മന്ത്രിയുടെ നിലപാട്.