International

ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ പ്രസിഡന്‍റാകും: ട്രംപ്

ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലേറുമെന്ന് ഡോണള്‍ഡ് ട്രംപ്. കമലാ ഹാരിസ് സോഷ്യലിസ്റ്റല്ല, കമ്യൂണിസ്റ്റ് ആണെന്നാണ് ട്രംപ് പറയുന്നത്. ഡമോക്രാറ്റിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് കമലാ ഹാരിസ്.

മൈക്ക് പെന്‍സും കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദത്തിന് പിന്നാലെയാണ് കമല ഹാരിസിനെതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി, വംശവെറി, തൊഴില്‍ പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം സംവാദത്തില്‍ ചൂടേറിയ വിഷയങ്ങളായിരുന്നു.

ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ പ്രസിഡന്‍റാകും: ട്രംപ്

“ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോ ബൈഡന്‍ പ്രസിഡന്റായാല്‍ ആ സ്ഥാനത്ത് രണ്ട് മാസം പോലും തുടരില്ല. അതാണ് എന്റെ അഭിപ്രായം. ജോ രണ്ട് മാസത്തിനുള്ളില്‍ പുറത്തുപോകും,’ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിനു ശേഷമുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ജോ ബൈഡന്‍ ജയിച്ചാല്‍ പ്രസിഡന്‍രാവുക കമ്യൂണിസ്റ്റ് ആയ കമലയാണെന്നാണ് ട്രംപ് അഭിമുഖത്തിലുടനീളം പറഞ്ഞുകൊണ്ടിരുന്നത്.

‘അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ സോഷ്യലിസ്റ്റല്ല. അവര്‍ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ. അതിര്‍ത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവര്‍ ആഗ്രഹിക്കുന്നത്”- ട്രംപ് ആരോപിച്ചു. മാധ്യമങ്ങളോടുള്ള അരിശവും ട്വീറ്റില്‍ ട്രംപ് പങ്കുവെച്ചു. ജോ ബൈഡന്‍, ഹാരിസ് എന്നിവരെപ്പോലെ ഒരു റിപ്പബ്ലിക്കന്‍ നുണ പറഞ്ഞിരുന്നുവെങ്കില്‍ ഇവിടെയുള്ള മാധ്യമങ്ങള്‍ അതിങ്ങനെയാകുമായിരുന്നില്ല രേഖപ്പെടുത്തുക. വ്യാജവാര്‍ത്തകള്‍ നല്ല പണിയെടുക്കുന്നുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്.

വൈസ് പ്രസിഡന്‍റ് സംവാദം രണ്ട് വ്യക്തികള്‍ തമ്മിലായിരുന്നില്ല, രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലായിരുന്നുവെന്നും ട്രംപ് വിശദീകരിച്ചു. ജോ ബൈഡനും കമലാ ഹാരിസും നികുതി വര്‍ധനയാണ് ആവശ്യപ്പെടുന്നത്. അതിര്‍ത്തി തുറക്കണമെന്നും പൊലീസിനുള്ള വിഹിതം കുറയ്ക്കണമെന്നും പറയുന്നുവെന്നും ട്രംപ് ആരോപിച്ചു.

സംവാദത്തെ കുറിച്ച് മൈക്ക് പെന്‍സിന്‍രെ പ്രതികരണം ഇങ്ങനെ- സംവാദത്തില്‍ ആര് ജയിച്ചു എന്നതിനെ കുറിച്ച് കുറേ ടെലിവിഷന്‍ ചര്‍ച്ചകള്‍ നടന്നു. ബൈഡന്‍ – കമല അജണ്ടയെ ട്രംപ് രാജ്യത്തിന് വേണ്ടി ഇതുവരെ ചെയ്തതും ഇനി ചെയ്യാന്‍ പോകുന്നതുമായി താരതമ്യം ചെയ്താല്‍ ട്രംപ് ആണ് വിജയി.

കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് മടങ്ങിവരാനായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. കോവിഡിനെ നിസ്സാരവല്‍ക്കരിച്ച ട്രംപിന്‍റെ നടപടി അമേരിക്കയില്‍ വിമര്‍ശന വിധേയമായി. 2 ലക്ഷത്തിലധികം ആളുകള്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഇതിനകം മരിച്ചു. റോയിട്ടേഴ്സ് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത് 38 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്‍റെ കോവിഡ് കാലത്തെ നടപടികളെ പിന്തുണക്കുന്നത് എന്നാണ്. തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ നല്‍കിയ മരുന്നുകള്‍ അമേരിക്കക്കാര്‍ക്ക് സൌജന്യമായി നല്‍കുമെന്നാണ് ട്രെപിന്‍രെ പുതിയ പ്രഖ്യാപനം.

പരീക്ഷണാടിസ്ഥാനത്തിനുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു തന്‍റെ ചികിത്സ. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ ഈ രോഗം ബാധിച്ചത് ദൈവത്തിന്‍റെ അനുഗ്രഹമായി കണക്കാക്കുന്നു. ഈ മരുന്ന് അമേരിക്കക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കുമെന്നാണ് ഇന്നലെ ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.