ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും. തീർഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.
തീർഥാടകരിൽ 70 ശതമാനവും വിദേശികളാണ്. ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. ഇവർ നാളെ മിനായിലേക്ക് നീങ്ങും.
മക്കയിലും മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള മീന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലുമായി നാളെ മുതൽ അഞ്ച് ദിവസം ഹജ്ജ് കർമങ്ങൾ നീണ്ടു നിൽക്കും. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം സ്വീകരിച്ച് കർമങ്ങൾ നിർവഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
തമ്പുകളിൽ ഓരോ തീർഥാടകനും ഒൻപത് സ്‌ക്വയർ മീറ്റർ സ്ഥലം അനുവദിക്കും. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെ കർമമായ ഹജ്ജ് കൊവിഡിന്റെ പശ്ചാത്തലത്തിലും മുടങ്ങാൻ പാടില്ല എന്ന സൗദിയുടെ തീരുമാനത്തെ തുടർന്നാണ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ഹജ്ജ് കർമങ്ങൾ നടക്കുന്നത്. കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയവരെ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. സൗദിക്കകത്തുള്ള 160 രാജ്യങ്ങളിലെ പൗരൻമാർ ഹജ്ജ് നിർവഹിക്കുന്നുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 20നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അവസരം നൽകിയിട്ടുള്ളത്.
സാധാരണ 25 ലക്ഷത്തോളം തീർഥാടകരാണ് എല്ലാ വർഷവും ഹജ്ജ് നിർവഹിക്കാറുള്ളത്. ഇന്ത്യയിൽ നിന്നുള്ള രണ്ട് ലക്ഷം തീർഥാടകർ ഉൾപ്പെടെ 18 ലക്ഷത്തോളം വിദേശ തീർഥാടകർ ഹജ്ജിന് എത്താറുണ്ട്. ഇത്തവണ വിദേശത്ത് നിന്നും തീർഥാടകർ ഇല്ലാത്തത് കൊണ്ടാണ് സൗദിക്കകത്തുള്ള ഏതാനും വിദേശികൾക്ക് അവസരം നൽകിയത്.