International

സൈനികതല ചർച്ച നാളെ; ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ, ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച നാളെ. ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. താഴെ റാങ്കിലുള്ള കമാൻഡർമാർ ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാളെ ചർച്ച നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ലഫ്. ജനറൽ ഹരീന്ദർ സിങ് ആയിരിക്കും പങ്കെടുക്കുക എന്നാണ് സൂചന.

ചർച്ചക്കു മുന്നോടിയായി, ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ‘ഗ്ലോബൽ ടൈംസ്’ രംഗത്തെത്തി. അതിർത്തിയിലെ പ്രശ്‌നങ്ങളെ ചൈനീസ് അതിക്രമമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ നിലപാടായിരിക്കരുത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും മധ്യസ്ഥ ഇടപെടൽ നടത്താമെന്ന അമേരിക്കയുടെ വാഗ്ദാനം മുഖവിലക്കെടുക്കരുതെന്നും പത്രം എഡിറ്റോറിയൽ എഴുതി.

‘ഇന്ത്യയും ചൈനയും വികസനത്തിനാണ് പ്രാമുഖ്യം നൽകുന്നത്. ഇരുരാജ്യങ്ങൾക്കും ഒരു അതിർത്തി സംഘർഷത്തിൽ ഇടപെടാൻ താൽപര്യമില്ല. ചൈനയെ അടിച്ചമർത്തി ഇന്ത്യയെ പിന്തുണക്കുക എന്ന തന്ത്രമാണ് ഏറെക്കാലമായി അമേരിക്ക തുടർന്നുപോരുന്നത്. അതിന്റെ ഭാഗമായാണ് സമീപവർഷങ്ങളിൽ ഇന്തോ പസഫിക് നയതന്ത്രം ഉണ്ടാക്കിയത്. ചൈനയ്ക്കു മേൽ നയതന്ത്ര മേൽക്കൈ കൈവന്നതായുള്ള മിഥ്യാബോധം പതിയെ ഇന്ത്യയിൽ വളർന്നിട്ടുണ്ട്. അതിർത്തിയിൽ ചൈന വിട്ടുവീഴ്ച ചെയ്യുമെന്നുള്ള മിഥ്യാധാരണ ഇന്ത്യയിൽ ചിലർക്കുണ്ട്.’

ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ

തങ്ങളെ വിഡ്ഢിയാക്കാൻ ഇന്ത്യ അമേരിക്കയെ അനുവദിക്കരുത്. രാജ്യങ്ങൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോഴൊക്കെ അതിനിടയിൽ ആപ്പ് തിരുകി സ്വന്തം പക്ഷത്തേക്ക് ആളെ ചേർക്കുന്ന തന്ത്രമാണ് അവരുടേത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് വാഷിങ്ടൺ നോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകുമ്പോഴൊക്കെ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.’

ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ

അതേസമയം, അതിർത്തി സംബന്ധിച്ച് ശക്തമായ ഭാഷയിലാണ് പത്രം സംസാരിക്കുന്നത്.

”തങ്ങളുടെ പ്രദേശത്തിൽ നിന്ന് ഒരിഞ്ചുപോലും ചൈന വിട്ടുതരില്ല. ഇന്ത്യ നയതന്ത്ര വീഴ്ചവരുത്തുകയും ചൈനയുടെ പ്രദേശം പിടിച്ചെടുക്കുകയും ചെയ്യുകയാണെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും. ശക്തമായ തിരിച്ചടി നൽകാൻ ചൈന ബാധ്യസ്ഥരാവും. അതിർത്തിയിൽ ഒരു സൈനിക ഏറ്റുമുട്ടലുണ്ടായാൽ ആനുകൂല്യം ചൈനക്കായിരിക്കുമെന്ന കാര്യത്തിൽ ഇന്ത്യക്ക് സംശയമുണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതുന്നത്.’ പത്രം പറയുന്നു.