International

സൗദിയിൽ കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടുന്നു

ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 42 മരണം. സൗദി അറേബ്യയിലാണ് ഇതിൽ 32 പേരും. കുവൈത്തിൽ ആറും യു.എ.ഇയിൽ മൂന്നും ബഹ്റൈനിൽ ഒരാളും കോവിഡിന് കീഴടങ്ങി. ഇതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

സൗദിയിൽ മരണസംഖ്യക്കൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. രാജ്യത്തെ മരണസംഖ്യ 611ൽ എത്തി. 1975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിൽ മൊത്തം രോഗികളുടെ എണ്ണം 93000 കവിഞ്ഞു. ഖത്തറിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. 1581 പേർക്കാണ് പുതുതായി രോഗം ഉറപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം അറുപത്തി മൂവായിരം കടന്നു. ഒമാനിലും ക്രമാതീത വർധന പ്രകടമാണ്. രോഗികളുടെ എണ്ണം പതിനാലായിരം പിന്നിട്ടു. യു.എ.ഇയിൽ 659ഉം കുവൈത്തിൽ 562ഉം ബഹ്റൈനിൽ 414ഉം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തി നാൽപത്തി അയ്യായിരമായി. രോഗം ഭേദപ്പെട്ടവരുടെ എണ്ണമാകട്ടെ, ഒരു ലക്ഷത്തി അമ്പത്താറായിരം കവിഞ്ഞു.

ഇളവുകൾ സമ്പർക്കം മുഖേനയുള്ള രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടില്ലെന്നാണ് വിവിധ ആരോഗ്യ മന്ത്രാലയങ്ങൾ വ്യക്തമാക്കുന്നത്. മുൻകരുതൽ നടപടികൾ ഉത്തരവാദിത്ത ബോധത്തോടെ നടപ്പാക്കി രോഗവ്യാപന സാഹചര്യം തടയണമെന്നും വിവിധ രാജ്യങ്ങൾ വ്യക്തമാക്കി. അതേസമയം സൗദിയിൽ 1381 പേരുൾപ്പെടെ രണ്ടായിരത്തിലേറെ പേരാണ് ഗൾഫിൽ അത്യാസന്ന നിലയിൽ തുടരുന്നത്. ഇവരിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരും ഉൾപ്പെടും.