International

കോവിഡ് 19 : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ചൈന

വിദേശികൾ വഴിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബ്രിട്ടൺ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈന വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി-വുഹാൻ ഫ്ലൈറ്റുകൾ യാത്രക്കാരുമായി ഇന്നടക്കം നാല് ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനർക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13,20,27 ഡിസംബർ 4 എന്നീ ദിവസങ്ങളിലായിരുക്കും പുതിയ ഫ്ലൈറ്റുകൾ.

ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ 23 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 19 ഓളം യാത്രക്കാർ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ല. രോഗലക്ഷണങ്ങളുള്ള ആറ് വയസ്സുകാരനുൾപ്പെടെ നാലുപേർ ആശുപത്രി ചികിത്സയിലാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലുള്ള ഒരു താത്കാലിക തീരുമാനമാണ് ഗവണ്മെന്റ് കൈക്കൊണ്ട നടപടി എന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞത്.

ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നതുകൊണ്ട് ചൈനീസ് ഗവണ്മെന്റിന്റെ ഒരു സ്വാഭാവിക നടപടിയായിട്ടാണ് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങളും ഇതിനെ കാണുന്നത്. ചൈനയുടെ തീരുമാനം തികച്ചും താത്കാലികമാണെന്നും, ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും തിരിച്ചുമുള്ള ആവശ്യ സർവിസുകൾ പെട്ടെന്നുതന്നെ സാധ്യമാക്കാനുള്ള ചർച്ചകൾ ചൈനയുമായി നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.