International

രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഈ മാറ്റങ്ങള്‍ക്ക് കാരണമാകും

വ്യായാമം ചെയ്യുന്നത്, വെള്ളം കുടിക്കുന്നത്, പ്രഭാത ഭക്ഷണം കഴിക്കുന്നത്, പാട്ട് കേള്‍ക്കുന്നത് തുടങ്ങി രാവിലെ ചെയ്യുന്ന മിക്ക കാര്യങ്ങള്‍ക്കും നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. രാവിലെ ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങള്‍ക്കൊപ്പം രാവിലെ തീര്‍ച്ചയായും ചെയ്യേണ്ടുന്ന ഒന്നാണ് വെള്ളം കുടിക്കല്‍. നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഭാതത്തിലെ ഈ വെള്ളം കുടി.

രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നവര്‍ക്ക് ശരീരഭാരം കുറയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിന് മുന്‍പ്, എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനുത്തമം.

2016 ലെ ഒരു പഠനമനുസരിച്ച് അറിവിലും മാനസിക പ്രകടനത്തിലും വെള്ളം കുടി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചെറിയ നിര്‍ജ്ജലീകരണം പോലും വിജ്ഞാനത്തെ പ്രതികൂലമായി ബാധിക്കും.

കൂടുതല്‍ വെള്ളം കുടിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച മാനസിക പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പഠനങ്ങള്‍. രാവിലെ തന്നെ ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് പഠന മികവിന് കാരണമാകും. നിര്‍ജ്ജലീകരണം ഹ്രസ്വകാല ഓര്‍മയിലും ശ്രദ്ധയിലും പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കും.

മാനസികാവസ്ഥയെ സ്വാധീനിക്കും

പല മൂഡ് പല സമയങ്ങളില്‍ ഉണ്ടാകുന്നവരാണ് നമ്മളെല്ലാവരും. രാവിലെ വെള്ളം കുടിക്കുന്നവരില്‍ ‘നല്ല മൂഡ്’ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണയായി കുറഞ്ഞ അളവില്‍ വെള്ളം കുടിക്കുന്ന ആളുകള്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ മെച്ചപ്പെട്ട മാനസികാവസ്ഥയുണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെള്ളം കുടി രാവിലെ തീരെയില്ലാത്തവര്‍ക്ക് അശാന്തത, ദേഷ്യം, വിഷമം, ടെന്‍ഷന്‍ തുടങ്ങിയ നെഗറ്റീവ് മാനസികാവസ്ഥകളുണ്ടാകും.

ചര്‍മ്മത്തിന് ഗുണം

ശരീരത്തില്‍ ദ്രാവകത്തിന്റെ അളവ് വര്‍ധിക്കുന്നത് ചര്‍മ്മത്തിന്റെ ഘടനയും ആരോഗ്യവും മെച്ചപ്പെടുത്തും.
ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന ജലം അതിന്റെ ഇലാസ്തികതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയിലെ ജലാംശം മെച്ചപ്പെടുത്തും.

അവയവങ്ങളുടെ പ്രവര്‍ത്തനം

ശരീരത്തില്‍ നിന്ന് മലിനജലം നീക്കം ചെയ്യാന്‍ രാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും. മൂത്രനാളിയില്‍ കല്ലുകള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന യുറോലിത്തിയാസിസിനെ തടയാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും രാവിലെ വെള്ളം ശരീരത്തിലെത്തുന്നത് സഹായിക്കും. സന്ധികള്‍ക്ക് ചുറ്റുമുള്ള ലൂബ്രിക്കറ്റിംഗ് ദ്രാവകത്തിന്റെ ഒരു ഘടകമാണ് വെള്ളം. ത് സന്ധി വേദന ഒഴിവാക്കാന്‍ സഹായിക്കും.