International

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം

ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന് 10 മണിക്ക് ഹൈദരാബാദ് ഹൌസില്‍ നടക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം.ബേസിക് എക്സ്ചേഞ്ച് ആന്‍റ് കോപ്പറേഷന്‍ കരാറിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പ് വയ്ക്കും.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിന് ശേഷം ഇന്ത്യയും അമേരിക്കയും നടത്തുന്ന നിർണായക നയതന്ത്ര ചർച്ചയാണ് 2+2. യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്സ് സെക്രട്ടറി മാർക്ക് എസ്പർ എന്നവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുക. ഇന്ത്യയുടെ ഭാഗത്ത് നിന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്നാഥ് സിങും പങ്കെടുക്കും. ഇൻഡോ- പസഫിക് മേഖലയിലെ സമാധാനമാണ് അജണ്ടയില്‍ മുഖ്യം. പസഫിക് മേഖലയിലെ ചൈനയുടെ കടന്ന് കയറ്റം തടയാന് സൈനിക വിന്യാസം വർധിപ്പിയ്ക്കാനാണ് അമേരിയ്ക്കയുടെ നീക്കം.

യുഎസ് ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതും ചർച്ച ചെയ്യും. ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോപ്പറേഷന്‍ കരാറില്‍ ഒപ്പുവക്കും. രാജ്നാഥ്സിങും മാർക്ക് എസ്പറും ഇന്നലെ നടത്തിയ ചർച്ചയില് കരാറില് സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ യു.എസ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഇന്ത്യക്ക് ലഭ്യമാകും.

അന്താരാഷ്ട്ര പങ്കാളികളുമായി യു.എസിന്‍റെ മൂന്നാമത്തെയും അവസാനത്തെയും അടിസ്ഥാന ധാരണയാണിത്. യുഎസ് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും .ഇന്ത്യക്ക് ശേഷം ശ്രീലങ്ക , മാലിദ്വീപ്, ഇന്ത്യോനേഷ്യ എന്നിവിടങ്ങളും യു.എസ്. സംഘം സന്ദർശിക്കും