India National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

പ്രധാനമന്ത്രി മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് പരിഷ്കാരം രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്സഭയില്‍ ആധാര്‍ ഭേദഗതി ബില്ലിന്റെ ചര്‍ച്ച നടക്കും.

നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തേ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് വിഷയം രാജ്യസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ചര്‍ച്ച ആവശ്യപ്പെട്ട് 14 പ്രതിപക്ഷ പാര്‍ടികള്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭദഗതി ബില്ലില്‍ രാജ്യസഭയില്‍ ഇന്നും ചര്‍ച്ച തുടരും.

ആധാര്‍ ഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭയുടെ പരിഗണനക്ക് വരും. ഇന്നലെ ബില്ല് ചര്‍ച്ചക്കായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഷ്കരിച്ച ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി ഇന്നത്തേക്ക് മാറ്റി. മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൌണ്ടിനും ആധാര്‍ നിര്‍ബന്ധമായിരുന്നത് സുപ്രിം കോടതി ഇടപെട്ടാണ് റദ്ദാക്കിയത്. കോടതി വിധിയനുസരിച്ച് ആധാര്‍ നിയമം പരിഷ്കരിക്കുന്നതാണ് പുതിയ ഭേദഗതി. ബാങ്ക് ഇടപാടുകള്‍ക്കും മൊബൈല്‍ കണക്ഷന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഇതോടെ ഒഴിവാകും.