ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. താൽക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ് ഈ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.
ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. അതിന്ശേഷം 1949ൽ ന്യൂഡൽഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്റെ ഫലമായാണ് ഭരണഘടനയിൽ മുന്നൂറ്റിയെഴുപതാം വകുപ്പ് ഉണ്ടാവുന്നത്. ആർട്ടിക്കിൾ 370 താത്കാലികമായിരിക്കരുതെന്നും സ്വയം ഭരണാവകാശം നൽകുന്നതായിരിക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ആവശ്യത്തിന് വഴങ്ങിയില്ല.
ജമ്മു കശ്മീരിലെ പൌരന്മാരുടെ സ്വത്തവകാശം, മൌലികാവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണമായിരുന്നു.
ആര്‍ട്ടിക്കിള്‍ 370ന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് ജമ്മുകശ്മീരില്‍ നിന്നും ഭൂമി വാങ്ങാന്‍ കഴിയില്ല. ഭൂമിയെ സംബന്ധിച്ചുളള ക്രയ വിക്രയങ്ങള്‍ സംസ്ഥാനത്തെ ആളുകള്‍ തമ്മില്‍ മാത്രമേ നടത്താന്‍ സാധീക്കുകയുള്ളു. 370 ഉള്ളതിനാല്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തിരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല. യുദ്ധകാലത്തോ അക്രമ സാഹചര്യങ്ങളിലോ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളു.