മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയിൽ തുടക്കം. പൊതുതെരഞ്ഞെടുപ്പിന്
മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിർവഹിക്കുക.
മോദിയുടെ മണ്ഡലമായ വാരാണസിയിൽ നടക്കുന്ന സമ്മേളനത്തിന്
വിപുലമായ
ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാരാണസി സ്റ്റേഡിയമാണ്
സമ്മേളനവേദി. മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും
ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്
വേദിയും വാരാണസിയിലെ റോഡുകളും.
യു.പി മുഖ്യമന്ത്രിക്കു പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും
രാവിലെ നടക്കുന്ന പ്രാരംഭ സെഷനുകളിൽ സംസാരിക്കും. ഉത്തർപ്രദേശിലേക്ക്
നിക്ഷേപം ആകർഷിക്കാനുള്ള അവസരമായും പ്രവാസി സമ്മേളനത്തെ
പ്രയോജനപ്പെടുത്താനാണ് പദ്ധതി. വാരാണസിയിലെ ജനങ്ങളും വർധിച്ച
താൽപര്യത്തോടെയാണ് സമ്മേളനത്തെ ഉറ്റുനോക്കുന്നത്.
ഗൾഫ് മേഖലയിൽ നിന്ന് വലിയ തോതിലുള്ള പ്രാതിനിധ്യം ഇക്കുറി ഉണ്ടാവില്ല എന്നാണ് സൂചന. എന്നാൽ മുന്നൂറോളം പേർ യു.എ.ഇയിൽ നിന്നു മാത്രം സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ദുബൈ കോൺസുലേറ്റ് അറിയിച്ചത്. രജിസ്ട്രേഷൻ പ്രക്രിയ അവസാനിച്ചിട്ടും തണുത്ത പ്രതികരണം മുൻനിർത്തി കൂടുതൽ പേരെ എത്തിക്കാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവർ. 23നാണ് സമാപനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾ സമ്മാനിക്കും.