ഉന്നാവ് പീഡന കേസിലെ പരാതിക്കാരിയെ വാഹനമിടിപ്പിച്ച കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് 15 ദിവസം കൂടി സുപ്രീംകോടതി അനുവദിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസം ഒരുക്കണമെന്ന് വിചാരണ കോടതി നിര്‍ദേശം നല്കി. ചെലവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 28നാണ് ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറിലേക്ക് അസ്വഭാവികതകളോടെ ലോറി ഇടിച്ച് കയറിയത്.
ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്. തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് മൊഴി എടുക്കാനായത്. ഇതടക്കം അന്വേഷണം വൈകാനുണ്ടായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണ കാലാവധി നീട്ടി നല്കാന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച കോടതി 15 ദിവസം കൂടി അനുവദിച്ചു. മൂന്നാം തവണയാണ് സി.ബി.ഐക്ക് അന്വേഷണ സമയം നീട്ടി നല്‍കുന്നത്. അതേസമയം ആരോഗ്യനില മെച്ചപ്പെട്ട പെണ്‍കുട്ടിയെ ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ഉത്തര്‍ പ്രദേശിലേക്ക് മടങ്ങാന്‍ താല്പര്യം ഇല്ലെന്ന് പെണ്‍കുട്ടിയും കുടുംബവും വിചാരണ കോടതിയെ അറിയിച്ചു. ആവശ്യം അംഗീകരിച്ച വിചാരണ കോടതി കുടുംബത്തിന് ഡല്‍ഹിയില്‍ താമസ സൌകര്യം ഒരുക്കാൻ നിർദേശം നല്‍കുകയായിരുന്നു. ചെലവ് ഉത്തർ പ്രദേശ് സർക്കാര്‍ വഹിക്കണം വാടക വീട് ലഭിക്കും വരെ എയിംസില്‍ താമസിക്കാമെന്നും വിചാരണ കോടതി വ്യക്തമാക്കി.