India National

ഭീകരകേന്ദ്രം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍

ഭീകരകേന്ദ്രം ആക്രമിച്ചെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അവകാശവാദമാണിത്. ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലം ആര്‍ക്കും പരിശോധിക്കാം. അന്താരാഷ്ട്ര മാധ്യമങ്ങളെ അങ്ങോട്ട് കൊണ്ടുപോകാന്‍ തയ്യാറാണ്. ഇന്ത്യയുടെ അവകാശവാദം മേഖലയിലെ സ്ഥിരതയും സമാധാനവും തകര്‍ക്കുമെന്നും പാക് പ്രധാനമന്ത്രി വിമര്‍ശിച്ചു. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ അവകാശവാദം തള്ളി രംഗത്തെത്തിയത്.

പാക് അധീന കശ്മീരിലെ ബലാകോട്ടില്‍ ജയ്ശെ ക്യാമ്പുകള്‍ തകര്‍ത്ത് വ്യോമസേന മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദമാണ് പാക് പ്രധാനമന്ത്രി തള്ളിയത്. പരിശീലനം നേടിയ 300 ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. വ്യോമസേനയുടെ മിറാഷ് 2000 ശ്രേണിയിലെ 12 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഓപറേഷനില്‍ 1000 കിലോ ബോംബുകളാണ് വര്‍ഷിച്ചത്.

ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു യൂസുഫ് അസ്ഹറിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ഭീകരവാദ പരിശീലന കേന്ദ്രത്തിനെതിരെ ആയിരുന്നു ആക്രമണം. എന്നാല്‍ വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ പോര്‍വിമാനങ്ങളെ തുരത്തിയെന്നാണ് പാക് സേനയുടെ അവകാശവാദം.