അൺലോക്ക് നാലാംഘട്ട മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബസ് സർവീസുകളും ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്നത് ഈ ഘട്ടത്തിലും ഉണ്ടകില്ല എന്നാണ് വിവരം. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. മാർച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.