India Kerala

കരയില്‍ മാത്രമല്ല, കടലിലെയും ചൂട് വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: കരയില്‍ ഉണ്ടായിരിക്കുന്ന ഉഷ്ണതരംഗവും ഉയര്‍ന്ന ചൂടും കടലിനെയും ബാധിക്കുന്നു. സാധാരണ കടലിന്റെ താപനില വര്‍ദ്ധിച്ചാല്‍ അത് ന്യൂനമര്‍ദ്ദത്തിന് കാരണമാവുകയും അതുവഴി മഴപെയ്യുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ മഴയ്ക്കുള്ള ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ കടലിന്റെ ചൂട് പരമാവധി 26 ഡിഗ്രി സെല്‍ഷ്യല്‍സ് ആണു രേഖപ്പെടുത്താറ്. എന്നാല്‍ രണ്ടുദിവസമായി മിക്കയിടത്തും അളവ് 30 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും ശരാശരി 41 ഡിഗ്രിയാണ് ചൂട്.

കടല്‍ ചൂടായതോടെ കടലോര ജില്ലകളില്‍ രാത്രിയും ചൂട് അസ്സഹനീയമാണ്. കടലില്‍ നിന്നുള്ള ചൂടുകാറ്റ് തുടരുന്നതാണ് ഇതിന് കാരണം. എല്‍നീനോ പ്രതിഭാസം ആരംഭിച്ചപ്പോള്‍ തന്നെ ഇത്ര ചൂടാണെങ്കില്‍ അടുത്ത മാസങ്ങളില്‍ സ്ഥിതി പ്രവചനാതീതമാണെന്ന് കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് വ്യക്തമാക്കുന്നത്.