India National

അലാവുദ്ദീന്‍റെ അത്ഭുത വിളക്കെന്ന് വിശ്വസിപ്പിച്ച് ഡോക്ടറില്‍ നിന്ന് 31 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയില്‍

അലാവുദ്ദീന്‍റെ അത്​ഭുത വിളക്കാണെന്ന് പറഞ്ഞ് കബളിപ്പിച്ച്​ ഡോക്​ടറുടെ കയ്യില്‍ നിന്ന് പണം തട്ടിയ രണ്ട് പേർ അറസ്​റ്റിൽ. 31 ലക്ഷം രൂപയാണ് രണ്ട് പേര്‍ ചേര്‍ന്ന് തട്ടിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ഡോ ലാ ഖാന്‍ ഒക്ടോബര്‍ 25ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിളക്കില്‍ നിന്ന് ജിന്ന് വരാതിരുന്നതോടെ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. ഇക്രമുദ്ദീന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നതിങ്ങനെ- പ്രതികളുടെ അമ്മ എന്ന് പരിചയപ്പെടുത്തിയ സ്​ത്രീയെ ഒരു മാസത്തോളം താന്‍ ചികിത്സിച്ചിരുന്നു. അതിനിടെ അവരുടെ വീട്ടില്‍ വരുന്ന ബാബയെ കുറിച്ച് തന്നോട് പറഞ്ഞു. ബാബക്ക് മാന്ത്രികശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബാബയെ കാണാൻ നിർബന്ധിച്ചു. ബാബയെ കണ്ടപ്പോള്‍ എന്തൊക്കെയോ ശക്തികളുള്ള രീതിയിലായിരുന്നു പെരുമാറ്റം.

ഒന്നരക്കോടി വില വരുന്ന അത്ഭുത വിളക്ക്​ 31 ലക്ഷം രൂപയ്ക്ക് തരാമെന്ന് പറഞ്ഞു. അലാവുദ്ദീ​ന്‍റെ വിളക്കാണിത് എന്നാണ് പറഞ്ഞത്. ഈ വിളക്ക് സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൊണ്ടുവന്ന് തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കല്‍ ബാബയെ കാണാന്‍ പോയപ്പോള്‍ അലാവുദ്ദീന്‍ തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആരായിരുന്നു അതെന്ന് അപ്പോള്‍ മനസ്സിലായില്ല. പണം തട്ടിയവരില്‍ ഒരാള്‍ അലാവുദ്ദീനായി വേഷം കെട്ടുകയായിരുന്നുവെന്ന് പിന്നീട് മനസ്സിലായെന്ന് ഡോക്ടര്‍ പറഞ്ഞു.

വിളക്ക് പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികള്‍ നിരവധി വീടുകളില്‍ മന്ത്രവാദത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഡോക്​ടർ ചികിത്സിച്ചിരുന്ന സ്ത്രീയെ ഇതുവരെ പിടികൂടാനായിട്ടില്ല.