India National Social Media

ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം; കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്വിറ്റര്‍

1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ട്വിറ്റര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമാക്കിയിട്ടില്ല.

കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ട്വീറ്റുകള്‍ പലതും വാര്‍ത്താമൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അവ പുനഃസ്ഥാപിക്കുകയായിരുന്നു.

അ‌ക്കൗണ്ടുകൾക്ക് സുതാര്യത പ്രധാനമാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുൻഗണന നൽകും എന്ന് ട്വിറ്റർ വ്യക്തമാക്കി. അതേസമയം നിയമങ്ങളെ ബഹുമാനിച്ചു മുന്നോട്ട് പോകും. നിയമ വിരുദ്ധമായി ഉള്ളടക്കങ്ങൾ ഉള്ള അ‌ക്കൗണ്ടുകൾ വിലക്കുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.