India National

“നിത്യം ഹിന്ദു-മുസ്‍ലിം എന്ന് മാത്രം പറയുന്ന മോദിക്കെതിരെ എത്ര കേസ് എടുത്തു

എല്ലാ ദിവസവും ഹിന്ദു – മുസ്‍ലിം എന്ന് മാത്രം സംസാരിക്കുന്ന മോദിക്കെതിരെ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മമത ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർ​ഗീയ പരാമർശങ്ങൾ നടത്തിയതിന് മമതക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏപ്രിൽ മൂന്നിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമർശങ്ങൾക്കാണ് മമത ബാനർജിക്ക് നോട്ടീസ് ലഭിച്ചത്. ബി.ജെ.പിയെ തോൽപ്പിക്കാൻ മുസ്‍ലിം വോട്ടർമാർ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞെന്നാണ് ആരോപണം. എന്നാൽ താൻ ഹിന്ദു – മുസ്‍ലിം ഐക്യത്തിനാണ് ആഹ്വാനം ചെയ്തതെന്നായിരുന്നു മമതയുടെ പ്രതികരണം.

എല്ലാ ദിവസവും മോദിക്ക് ഹിന്ദു – മുസ്‍‍ലിം എന്ന കാര്യം മാത്രമേ സംസാരിക്കാനുള്ളു. ഹിന്ദുവും മുസ്‍ലിമും ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണം എന്നാണ് താൻ ആവശ്യപ്പെട്ടത്. ഇനി പത്ത് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചാലും ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന കാര്യം പറയുമെന്നും മമത ബാനർജി പറഞ്ഞു.

നന്ദി​ഗ്രാമിൽ തൃണമൂലിന് വോട്ട് ചെയ്യുന്നത് മിനി പാകിസ്താന് വേണ്ടി വോട്ട് ചെയ്യുന്നതിന് തുല്യമാണ് എന്ന് പ്രസം​ഗിച്ചവരുണ്ട്. ഇതിലൊന്നും ആർക്കും ലജ്ജയില്ലേ എന്നും മമത ചോദിച്ചു. പ്രചാരണത്തിനിടെ ബി.ജെ.പി നേതാവും, നന്ദി​ഗ്രമിലെ മമതയുടെ എതിരാളിയുമായ സുവേന്ദു അധികാരിയാണ് പാകിസ്താൻ പരാമർശം നടത്തിയത്. എന്നാല്‍, താൻ ഹിന്ദുവിനും, മുസ്‍ലിമിനും, കൃസ്ത്യനും, സിഖിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മമത പറഞ്ഞു.