India National

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

ഇറ്റലി, കൊറിയ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചവർ ഇന്ത്യയിൽ എത്തുമ്പോൾ കോവിസ് 19 ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണമെന്നത് ഇന്ത്യ നിർബന്ധമാക്കി

കേരളത്തിൽ എട്ടും മഹാരാഷ്ട്രയിൽ രണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദേശം നൽകി. ഇറാനില്‍ കുടുങ്ങിയ 58 അംഗ ഇന്ത്യൻ സംഘത്തെ ഡൽഹിയിലെത്തിച്ചു.

പുതിയതായി കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുകയാണ് കേന്ദ്ര ആരോഗ്യ വകുപ്പ്. ഇറ്റലി, കൊറിയ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചവർ ഇന്ത്യയിൽ എത്തുമ്പോൾ കോവിസ് 19 ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണമെന്നത് ഇന്ത്യ നിർബന്ധമാക്കി. 30 വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ ഇന്നലെ ഹോളി ആയിരുന്നിട്ടും വലിയ ആഘോഷങ്ങൾ നടന്നില്ല.

കോവിഡ് 19 രോഗ ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എയർഫോഴ്സ് വിമാനത്തിൽ നാട്ടിലെത്തിക്കും. ആദ്യ വിമാനത്തിൽ എത്തിച്ച ഇറാനിൽ നിന്നുള്ള 529 സാമ്പിളുകളുടെ ഫലം ഉടൻ വരും. ഡൽഹിയിൽ മെട്രോ, ബസ് സർവീസുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.

ജമ്മു കശ്മീരിൽ ഈ മാസം 31 വരെ സിനിമ പ്രദർശന ശാലകൾ തുറക്കില്ല. ഡൽഹി, ജമ്മു, ബംഗലൂരു എന്നിവിടങ്ങളിൽ മാർച്ച് 31 വരെ പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 9 ലക്ഷം ആളുകളെ ഇതുവരെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി.

ചെന്നൈയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടപടികള്‍ കൂടുത‍ല്‍ ശക്തമാക്കി. രോഗലക്ഷണങ്ങളോടെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 15 വയസുകാരൻ ഇന്നലെ ആശുപത്രി വിട്ടു. പുതിയ കേസുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് മന്ത്രി സി.വിജയഭാസ്കർ അറിയിച്ചു. വിമാനത്താവളം കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. കൂടാതെ, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

വൈറസ് ബാധിച്ചയാൾ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലെ ഐസലോഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഏഴു പേർ നിരീക്ഷണത്തിലുണ്ട്.