India

പ്രതിപക്ഷ എം.എല്‍.എമാര്‍ ഉള്‍പെടെ 13 അംഗ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ച് സ്റ്റാലിന്‍

പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ 13 അംഗ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കർ അടങ്ങുന്നതാണ് ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. ഡോ. ഏഴിലൻ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്​നം (കോൺഗ്രസ്​), നഗർ നാഗേന്ദ്രൻ (ബി.ജെ.പി), സൂസൻ തിരുമലൈകുമാർ (എം.ഡി.എം.കെ), എസ്​.എസ്​. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രൻ (സി.പി.ഐ), ഡോ. ജവഹറുല്ല (എം.എം.കെ), ആർ.​ ഈശ്വരൻ (കെ.എം.ഡി.കെ), ടി. വേൽമുരുകൻ (ടി.വി.കെ), പുവൈ ജഗൻ മൂർത്തി (പി.ബി), നാഗൈ മാലി (സി.പി.എം) എന്നിവരാണ്​ സമിതിയിലെ മറ്റ്​ അംഗങ്ങൾ.

സംസ്ഥാനത്തെ കോവിഡ്​ സാഹചര്യം വിലയിരു​ത്താൻ കമ്മറ്റി അതാത്​ സമയത്ത്​ യോഗം ചേരും. ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഈ രാഷ്​ട്രീയ ഐക്യത്തിന്​ വലിയ പ്രാധാന്യമാണ്​ ലഭിക്കുന്നത്​.