India National

കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം: രാജ്നാഥ് സിങ്

കശ്മീര്‍ വിഷയം കോണ്‍ഗ്രസിന് അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് താല്‍പര്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്നാഥ് സിങ് ഹരിയാനയിലെ പ്രചാരണത്തില്‍ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിലും പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണങ്ങളില്‍ ബി.ജെ.പി ഏറെ മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാരുമാണ് പ്രചാരണങ്ങള്‍ നയിക്കുന്നത്.‍ ഹരിയാനയില്‍ ജാട്ട് വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്നത് നിര്‍ണ്ണായകമാകും. 36 സീറ്റുകളിലാണ് ജാട്ടുകള്‍ക്ക് മേല്‍ക്കൈ ഉള്ളത്. കോണ്‍ഗ്രസിനോ ഐഎന്‍എല്‍ഡിക്കോ ജെജിപിക്കോ ഇവരുടെ വോട്ടുകള്‍ ലഭിക്കുമോയെന്നതാണ് അറിയേണ്ടത്. ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ജാട്ട് വിഭാഗക്കാരുടെ വോട്ട് ഐഎന്‍എല്‍ഡിക്കും ജെജിപിക്കുമായി ഭിന്നിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസില്‍ രാഹുല്‍ ഒഴിച്ചുള്ള നേതാക്കളാരും അവസാനഘട്ടത്തില്‍ പോലും സജീവമായിട്ടില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും പുറത്തിറക്കിയ പ്രകടന പത്രിക യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണെന്നും വോട്ട് നേടുകയെന്ന ഉദ്ദേശം മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി. കശ്മീർ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളാണ് ബി.ജെ.പി രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണത്തിലുടനീളം ഉന്നയിക്കുന്നത്.