India National

ദീപാവലിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍

ദീപാവലി അവധിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍. നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് എട്ട് പ്രവൃത്തി ദിവസങ്ങളിലായി നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്നത്. ബാബരി ഭൂമിത്തര്‍ക്ക കേസിന് പുറമെ ശബരിമല റഫാല്‍ ഹരജികളിലും രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് വിധി പുറപ്പെടുവിക്കും.

നവംബര്‍ 17ന് വിരമിക്കാനിരിക്കുന്ന നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് ആറ് സുപ്രധാന കേസുകളിലാണ് വിധി പറയാനുള്ളത്. അതിലേറ്റവും സുപ്രധാന വിധി ബാബരി ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹരജിയാണ്. അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയില്‍ തുടര്‍ച്ചയായ നാല്പത് ദിവസം വാദം കേട്ട ശേഷമാണ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ച് വിധി പറയാനായി മാറ്റിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റാരോപിതനായ റഫാല് ഇടപാടില് അഴിമതിയുണ്ടെന്ന ആരോപണത്തില് അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി ചോദ്യം ചെയ്ത് നല്കിയ പുനഃപരിശോധന ഹരജിയും ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധി പറയാനായി മാറ്റിവെച്ചിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള് തെളിവായി പരിഗണിക്കാമോയെന്നാണ് കോടതി പരിശോധിച്ചിരുന്നത്. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം പുനഃപരിശോധന ഹരജികളും ഗൊഗോയ് അധ്യക്ഷനായ നാലംഗ ബഞ്ചിന്റെ വിധി കാത്തിരിക്കുകയാണ്. ഇതിന് പുറമെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് പ്രയോഗിച്ചതിന് കോണ്‍ഗ്രസ് മുന് അധ്യക്ഷന് രാഹൂല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസ്, ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച് കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ കോടതി സ്വമേധയ എടുത്ത കേസ് എന്നിവയിലും ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞേക്കും.