India National

മഹാരാഷ്ട്ര; സോണിയ – പവാര്‍ കൂടിക്കാഴ്‍ച ഇന്ന്

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും കോണ്‍ഗ്രസും-ശിവസേനയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആരംഭിക്കുക. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് എന്‍.സി.പി വ്യക്തമാക്കുന്നത്. സോണിയ-പവാര്‍ കൂടിക്കാഴ്ചക്ക് ശേഷം ഇരു പാര്‍ട്ടികളിലേയും മറ്റ് നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും.

ശിവസേനയുമായി യോജിക്കാനാവുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് തേടുകയാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. അതേസമയം ശിവസേനയുമായുള്ള കൂട്ടുക്കെട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പിയുടേയും പ്രതീക്ഷ. ബാല്‍താക്കറയുടെ അനുസ്മരണ വേദിയില്‍ ദേവേന്ദ്ര ഫട്നാവിസ് എത്തിയതും അമിത് ഷായെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും ആ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്,

ശിവസേനയും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ തന്നോട് പറഞ്ഞെന്നായിരുന്നു അത്താവലേയുടെ പരാമര്‍ശം. അതേസമയം എന്‍.‌സി.പിയുടെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ബാല്‍ താക്കറെ അനുസ്മരണ വേദിയിലെത്തിയിരുന്നു.