India

മിഠായിത്തെരുവില്‍ അട്ടിമറി ശ്രമം; രണ്ട് കടകള്‍ക്ക് തീയിട്ടു

കോഴിക്കോട് മിഠായിത്തെരുവില്‍ അട്ടിമറി ശ്രമം. രണ്ട് കടകള്‍ക്ക് തീയിട്ടു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. മിഠായിത്തെരുവില്‍ അഴിഞ്ഞാടിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മിഠായിത്തരുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് കോഴിക്കോട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

രാവിലെ 10 മണിക്ക് കട തുറക്കാന്‍ എത്തിയപ്പോഴാണ് തീയിട്ടത് വ്യാപാരികള്‍ കണ്ടത്.അനില്‍കുമാറിന്റെ ഉടമസ്ഥതിയിലുള്ള തങ്കം റെഡിമെയ്ഡ്സും മോഹന്‍ദാസ് നടത്തുന്ന കെ.ശങ്കരന്‍ ഫാന്‍സി ഷോപ്പിനുമാണ് തീയിട്ടത്.ഷട്ടറുകളും പൂട്ടും നശിച്ചു.

കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസി ടിവികള്‍ പരിശോധിച്ചങ്കിലും അക്രമികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല.

ഇന്നലെ മിഠായിത്തെരുവില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പൊലീസിനെ പരോക്ഷമായി കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ചീഫ് സെക്രട്ടറിക്ക് കൈമാറി.തലേന്ന് തന്നെ വ്യാപാരികള്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്രമികള്‍ക്ക് മിഠായത്തെരുവിന് അകത്തേക്ക് കയറാന്‍ കഴിഞ്ഞുവെന്നാണ് പറയുന്നത്.