India National

കശ്മീരിൽ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു

കേന്ദ്ര സർക്കാർ സർവീസിൽനിന്ന് രാജിവെച്ച് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് (ജെ.കെ.പി.എം) എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ഷാ ഫൈസൽ തന്റെ പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. പാർട്ടി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ, തന്നെ സംഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയായിരുന്നു. ഷാ ഫൈസലിന്റെ രാജി സ്വീകരിച്ചതായും വൈസ് പ്രസിഡണ്ട് ഫിറോസ് പീർസാദയെ താൽക്കാലിക പ്രസിഡണ്ടായി നിയമിക്കുന്നതായും ജെ.കെ.പി.എം പ്രസ്താവനയിൽ അറിയിച്ചു.

യു.പി.എസ്.സി സിവിൽ സർവീസ് ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീരിയായ ഷാ ഫൈസൽ 2019 ജനുവരിയിലാണ് ഉദ്യോഗം രാജിവെച്ചത്. ജമ്മുകശ്മീരിൽ നടക്കുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിശദീകരിച്ചു. കശ്മീരിൽ കർഫ്യൂ ഏർപ്പെടുത്തുന്നതിലും ജനങ്ങളെ ജയിലിലടക്കുന്നതിലും അസ്വസ്ഥനായിരുന്നു അദ്ദേഹം.

2019 ഫെബ്രുവരി നാലിന് ജന്മനാടായ കുപ്‌വാഢയിൽ പൊതുപ്രഭാഷണത്തിലൂടെയാണ് ഷാ രാഷ്ട്രീയ പ്രവേശനം നടത്തുന്ന കാര്യം പ്രഖ്യാപിച്ചത്. പ്രസംഗത്തിനിടെ, തന്റെ ഐ.എ.എസ് ജീവിതകാലം ജയിലിൽ കഴിയുന്നതു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 17-ന് പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ആഗസ്തിൽ കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തുകളഞ്ഞതിനെ തുടർന്ന് ഷാ ഫൈസൽ തടങ്കലിലായിരുന്നു. ന്യൂഡൽഹിയിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള വിമാനത്തിൽ കയറുന്നതിൽ നിന്ന് അധികൃതർ അദ്ദേഹത്തെ വിലക്കുകയും കശ്മീരിലേക്ക കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് ശ്രീനഗറിലെ ഷേർ എ കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ മറ്റ് രാഷ്ട്രീയ നേതാക്കൾക്കൊപ്പം തടവിലാക്കി. ഷാ ഫൈസലിനെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഈ വർഷം ജൂൺ ആദ്യവാരത്തിലാണ് അദ്ദേഹത്തെ സ്വതന്ത്രനാക്കിയത്.

ഞായറാഴ്ച തന്റെ പാർട്ടിയുടെ പേര് ട്വിറ്റർ ബയോയിൽ നിന്ന് നീക്കം ചെയ്തിരുന്നു. സിവിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ അദ്ദേഹം ഒരുങ്ങുന്നുവെന്ന വാർത്തകൾ ഇതോടൊപ്പം പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് ചേർന്ന പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം രാജിസമർപ്പിച്ചത്.