India National

രണ്ടാം മോദി സര്‍ക്കാറിന്‍റെ സഹമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന്

രണ്ടാം മോദി സര്‍ക്കാറിന്‍റെ സഹമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന് ചേരും. പുതിയ സര്‍ക്കാറിന്‍റെ ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ കേന്ദ്രമന്ത്രിസഭ ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. ഈ മാസം 17ന് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം.

പാര്‍ലമെന്‍റില്‍ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സാധാരണ സഹമന്ത്രിമാരാണ് ഉത്തരങ്ങള്‍ തയ്യാറാക്കി മേശപ്പുറത്ത് വെക്കാറുള്ളത്. കേന്ദ്രസര്‍ക്കാറിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ കര്‍മപരിപാടികള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ‌പ്രധാനമന്ത്രി സഹമന്ത്രിമാരെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇതിന് മുമ്പായിട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നത്.

പ്രധാനപ്പെട്ട ചുമതലകള്‍ സഹമന്ത്രിമാര്‍ക്ക് ഭാഗിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയാകും. കഴിഞ്ഞ മാസം 31ന് ചേര്‍ന്ന ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി കര്‍ഷക ധനസഹായ പദ്ധതിയടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. പുതിയ കാബിനറ്റ് സെക്രട്ടറിയുടെ നിയമനം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.