India National

സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി:മാധ്യമ റിപ്പോർട്ടുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി

മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ കേസിലുള്ള കോടതി നടപടികളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിലുള്ള സുപ്രീം കോടതിയുടെ നടപടിയെ “നീതി നിഷേധമായിട്ടാണ്” പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയൻ സിദ്ധീഖ് കാപ്പന്റെ അറസ്റ്റിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോഡ്‌ജെയുടെ പരാമർശം.

ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ബോഡ്ജെയുടെ വിമർശനത്തോട് യോജിച്ചപ്പോൾ, സീനിയർ അഭിഭാഷകൻ കപിൽ സിബലിന്റെ പ്രതികരണം “ഇത്തരം അന്യായ റിപ്പോർട്ടിങ്ങുകൾ സ്ഥിരമാണെന്നും, അതിൽ പ്രത്യേകതയൊന്നുമില്ല” എന്നുമായിരുന്നു. സിദ്ധീഖ് കാപ്പൻ മാധ്യമപ്രവർത്തനത്തെ മറയാക്കി ജാതി ഭിന്നത സൃഷ്ടിക്കാനും അതുവഴി യു.പിയിലെ ക്രമസമാധാനം തകർക്കാൻ പദ്ധതിയിട്ടിരുന്നതായും തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 5ന് ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് സിദ്ധീഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ ജാമ്യ ഹർജി പരിഗണിക്കാൻ കോടതി ആദ്യം തയ്യാറായിരുന്നില്ല. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം കഴിഞ്ഞാണ് സിദ്ധീഖ് കാപ്പന് അഭിഭാഷകൻ കപിൽ സിബലുമായി സംസാരിക്കാനുള്ള അനുമതി ലഭിക്കുന്നത്.