India National

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍

കര്‍ണാടക നിയമസഭയിലെ 15 മണ്ഡലങ്ങളിലേക്കു വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി.എസിന് പരമാവധി ഒരു സീറ്റുമെന്നാണ് പ്രവചനം. പബ്ലിക് ടി.വി. നടത്തിയ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം.

ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബി.ജെ.പിക്കു വേണ്ടത്. റിപ്പബ്ലിക് ടിവി 8-10 സീറ്റ് ബി.ജെ.പിക്കും 3-5 സീറ്റ് കോണ്‍ഗ്രസിനും 1-2 സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രന്‍ ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബി.ജെ.പി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു.

ഉപതിരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം.