India

നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണം: സുപ്രിംകോടതി

നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണമെന്ന് സുപ്രിംകോടതി. 2022 മെയ് മാസത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ്ര നിലപാട് സുപ്രിംകോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ നിലപാട് വനിതകൾക്ക് നല്ല സന്ദേശം നൽകുന്നതല്ലെന്നും സുപ്രിംകോടതി വിമർശിച്ചു. വനിതകൾക്ക് പ്രവേശനം നൽകാനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കണമെന്നും കോടതി അറിയിച്ചു.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ ലിംഗ വിവേചനം എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. അടുത്ത വർഷം എൻ.ഡി.എ പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്നും 2023 ഓടുകൂടി വനിതകളുടെ ആദ്യ ബാച്ചിന് പ്രവേശനം നൽകാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. ജസ്റ്റിസ് എസ്.കെ. കോൾ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഈ വർഷം നവംബർ 14ന് നടക്കാനിരിക്കുന്ന എൻ.ഡി.എ പരീക്ഷയിൽ തന്നെ വനിതകൾക്ക് അവസരം നൽകണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.