India

സുപ്രിംകോടതി ജഡ്ജി : ഒൻപത് പേരുകൾ അടങ്ങുന്ന കൊളീജിയം ശുപാർശ പുറത്ത്; പട്ടികയിൽ ബി.വി. നാഗരത്നയും

രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യത കൽപിക്കുന്ന ജസ്റ്റിസ് ബി.വി. നാഗരത്ന അടക്കം ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ പുറത്ത്. സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കൊളീജിയം തീരുമാനം പ്രസിദ്ധീകരിച്ചത്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാർ സ്ഥാനക്കയറ്റ പട്ടികയിൽ ഇടം പിടിച്ചു. നിയമന പട്ടികയുമായി ബന്ധപ്പെട്ട് രാവിലെ പുറത്തുവന്ന വാർത്തകളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിത ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്തു. ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാർ. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി സി.ടി. രവികുമാർ സ്ഥാനക്കയറ്റ പട്ടികയിലുണ്ട്.

സീനിയോറിറ്റിയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക പട്ടികയിൽ ഒന്നാം പേരുകാരനായി ഇടംപിടിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം. സുന്ദരേഷ്‌ എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തു. അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയെയും പട്ടികയിൽ ഉൾപ്പെടുത്തി. നിയമനം സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാരാണ് ഇറക്കേണ്ടത്.