India National

കര്‍ഷകസമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം സഹായം; യുപിയില്‍ പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. സമാജ്‌വാദി വചന്‍ പത്ര എന്ന പേരിലാണ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. നാലു വര്‍ഷക്കാലത്തിനിടെ കര്‍ഷകര്‍ എടുത്ത കടങ്ങള്‍ തള്ളുമെന്ന വാഗ്ദാനമാണ് പ്രധാനമായും സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി ഒരു ലക്ഷം കോടി രൂപ വകമാറ്റുമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.

വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന കര്‍ഷകരോഷത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് സമാജ് വാദി പാര്‍ട്ടി നടത്തുന്നത്. കര്‍ഷക പ്രക്ഷോഭത്തിനിടെ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം സഹായം നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ഓരോ വീടിനും 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നല്‍കും. കിസാന്‍ ബസാര്‍ വിപുലീകരിക്കും. വിശന്നിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് 10 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതിനായി സമാജ്‌വാദി പാര്‍ട്ടി ക്യാന്റീനുകള്‍ ആരംഭിക്കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

അല്‍പ സമയത്തിന് മുന്‍പാണ് യു പി തെരഞ്ഞെടുപ്പിനായി ബി ജെ പിയും തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്. സംസ്ഥാനത്തെ ഓരോ കുടുംബത്തിലേയും ഒരംഗത്തിന് വീതം സര്‍ക്കാര്‍ ജോലി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബി ജെ പി പത്രികയിലുള്ളത്. ഇരട്ട എഞ്ചിനുള്ള ബി ജെപി സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 212 വാഗ്ദാനങ്ങളില്‍ 92 ശതമാനം വാഗ്ദാനങ്ങളും പാലിക്കപ്പെട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പത്രിക പുറത്തിറക്കിക്കൊണ്ട് അവകാശപ്പെട്ടു.

ബി ജെ പിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട കര്‍ഷക രോഷത്തെ മയപ്പെടുത്താനായി കര്‍ഷകര്‍ക്കായി ഒട്ടനവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലൂടെ ബി ജെ പി നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് ജലസേചനത്തിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗജന്യമായി വൈദ്യുതി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. കൃഷി ആവശ്യത്തിനായി ബോര്‍വെല്ലുകളും കിണറുകളും കുഴിക്കുന്നതിനും സര്‍ക്കാര്‍ സഹായമുണ്ടാകും. ധാന്യങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രൊസസിംഗ് സെന്ററുകളും കോള്‍ഡ് സ്‌റ്റോറേജുകളും ആരംഭിക്കുമെന്നും ബി ജെ പി പറഞ്ഞു.