India Kerala

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്ന് മുതല്‍; കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക

രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക. നാല് വിമാനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്.

ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികൾ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ദോഹയിൽ നിന്നും കൊച്ചിയിലേക്കും പ്രഖ്യാപിച്ച വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനമാകും ഇന്ന് ആദ്യം കേരളത്തിലെത്തുക. വൈകുന്നേരം 4.15ന് അബൂദബിയിൽ നിന്ന് തിരിക്കുന്ന വിമാനം രാത്രി 9.40ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് 2.15ന് പുറപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്ന ദുബൈ-കോഴിക്കോട് വിമാനം വൈകുന്നേരം അഞ്ചിന് ശേഷം മാത്രമേ പുറപ്പെടുകയുള്ളു. വിമാനം നാട്ടിലെത്തുമ്പോൾ പത്തര കഴിയും.

റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെ മെഡിക്കൽ സ്ക്രീനിങ് നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കുകയുള്ളു. ഇതിനായി അഞ്ച് മണിക്കൂർ നേരത്തേ യാത്രക്കാർ എയർപോർട്ടിൽ എത്തണം. പിപിഇ കിറ്റുമായി എത്തുന്ന യാത്രക്കാർക്ക് മാത്രമാണ് വിമാനത്താവളം ടെർമിനലിന് അകത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ദുബൈ എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ടെർമിനലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.