India National

മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ജവാന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തേജ് ബഹദൂര്‍ പുറത്താക്കപ്പെട്ടത്.

സൈനികരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ബഹദൂര്‍ കുറ്റപ്പെടുത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സൈന്യത്തെ, പ്രത്യേകിച്ച് അര്‍ധസൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നു കാണിക്കാനാണ് മത്സരിക്കുന്നതെന്നും തേജ് ബഹദൂര്‍ പറഞ്ഞു.

സ്ഥാനാര്‍ഥിയാകാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചുവെന്നും, എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെന്നും ബഹദൂര്‍ യാദവ് വ്യക്തമാക്കി. വാരണാസിയില്‍ മുന്‍ സൈനികരുടെയും കര്‍ഷകരുടെയും പിന്തുണയോടെ ഉടന്‍ പ്രചാരണം ആരംഭിക്കുമെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. ഹരിയാനയിലെ റിവാരി സ്വദേശിയാണ് തേജ് ബഹദൂര്‍.