റൊണാൾഡോയുടെ പൊടുന്നനെയുള്ള ക്ലബ് വിടൽ നികത്താനാവാത്ത വിടവാണെന്ന് ഇതിനകം റയൽ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോ ക്ലബ് വിട്ടപ്പോൾ ബെയ്ലും കരീം ബെൻസേമയും അസൻസിയയും ഉള്ള ടീം ശക്തമാണെന്നായിരുന്നു ഏവരും കരുതിയത്. പക്ഷേ പിന്നീട് കണ്ടത് ഗോളഡിക്കാനാവാത്ത റയലിനെയാണ്. നിലവിൽ 16 കളികളിൽ നിന്നും അഞ്ച് തോൽവി ഏറ്റുവാങ്ങി നാലാം സ്ഥാനത്താണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ. സീസൺ പകുതിയിലെത്തുമ്പോൾ ബൈലും ബെൻസേമയും അസൻസിയയും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നതാണ് കാണാനാവുന്നത്.
എന്നാൽ ‘ഡോൺ ബാലൻ’ എന്ന സ്പാനിഷ് സ്പോർട്സ് മാഗസിൻ പറയുന്നത് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരെസ് വൻ കച്ചവടത്തിനൊരുങ്ങുന്നു എന്നാണ്. നെയ്മറോ എംബാപ്പെയോ ടീമിലെത്തിക്കാനൊരുങ്ങി പെരെസ് എന്നാണ് സ്പാനിഷ് മാഗസിൻ പുറത്ത് വിടുന്നത്. ഇവരെ കൂടാതെ ഹസാർഡിനേയും ഹാരി കെയ്നിനേയും കൂടി സാന്റിയാഗോ ബെര്‍ണാബ്യൂവിലെത്തിച്ച് പുതിയ മുന്നേറ്റം നടത്താനാണ് പെരെസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് മാഗസിന്‍ പുറത്ത് വിടുന്നത്.
എന്നാല്‍ ഹസാർഡിന്റെ റയലിലേക്കുള്ള വരവ് ഏകദേശം അവസാന ഘട്ടത്തിലാണെന്നും അടുത്ത സമ്മറിൽ ഹാരി കെയ്നിനെയും കൂടി റയൽ സ്വന്തമാക്കുമെന്നും, ഈ സീസണിൽ ഒട്ടും ഫോമില്ലാത്ത ബെയ്ലും അസൻസിയോയും ബെൻസിമയും അടുത്ത സമ്മറിൽ റയല്‍ വിടാനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.