India National

രാജ്യത്ത് ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് സ്വന്തമാക്കി ടാറ്റ മോട്ടോര്‍സ്

കൊച്ചി: രാജ്യത്ത് നിലവില്‍ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് ടാറ്റ മോട്ടോര്‍സിന് ലഭിച്ചു. അഹമ്മദാബാദ് ജന്‍മാര്‍ഗ് ലിമിറ്റഡാണ്(എജെഎല്‍) ടാറ്റ മോട്ടോഴ്‌സുമായി 300ഇലക്‌ട്രിക് ബസുകള്‍ക്കായി കരാറിലാണ് ടാറ്റ ഏര്‍പ്പെട്ടതെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

60ശതമാനം വിപണി വിഹിതത്തോടെ 200 ഇലക്‌ട്രിക് ബസുകള്‍ വിപണിയില്‍ എത്തിച്ച കമ്ബനിക്ക് ഈ പുതിയ ഓര്‍ഡര്‍ ലഭ്യമായതോടെ ഇവി ബസ് വിഭാഗം വിപണിയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണെന്നാണ് കമ്ബനിയുടെ അവകാശവാദം.

ടാറ്റ അള്‍ട്രാ അര്‍ബന്‍ 9/9ഇലക്‌ട്രിക് എസി ബസ്സുകള്‍ അഹമ്മദാബാദിലെ ബിആര്‍ടിഎസ് ഇടനാഴിയില്‍ സര്‍വീസ് നടത്തും. ഒപെക്സ് മോഡലിന് കീഴില്‍ വിന്യസിക്കുന്ന ഈ ബസുകള്‍ക്കായി ടാറ്റാ മോട്ടോഴ്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, സപ്പോര്‍ട്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. യു‌എസ്‌എ, ജര്‍മ്മനി, ചൈന എന്നിവിടങ്ങളിലെ അന്തര്‍‌ദ്ദേശീയമായി അറിയപ്പെടുന്ന മികച്ച ഇന്‍‌-ക്ലാസ് വിതരണക്കാരില്‍‌ നിന്നുമാണ് നിര്‍‌ണ്ണായകമായ ഇലക്‌ട്രിക്കല്‍‌ ട്രാക്ഷന്‍ ഘടകങ്ങള്‍‌ ടാറ്റ ലഭ്യമാക്കുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളിലെ പ്രകടനം അനുഭവിച്ചറിയുന്നതിനായി ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, അസം, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുടനീളം ടാറ്റ മോട്ടോഴ്‌സ് ബസുകള്‍ പരീക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്‍തിട്ടുണ്ട്.>

രാജ്യത്തെ ഏറ്റവും വലിയ ഇ-ബസുകളുടെ ടെണ്ടര്‍ നേടിയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഹൈബ്രിഡിനും ശുദ്ധമായ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുമായി ഇലക്‌ട്രിക് ട്രാക്ഷന്‍ സംവിധാനം വികസിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് വൈദ്യുതീകരണ പദ്ധതിയില്‍ സജീവ പങ്കുവഹിക്കുന്നതായും ടാറ്റ മോട്ടോര്‍സ് കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് ബിസിനസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ഗിരീഷ് വാഗ് പറഞ്ഞു. ‌