India

നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും: ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലി

നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും. ഭാരത്‌ ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗുജത്തിൽ പ്രചാരണത്തിനിറങ്ങുക. യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലിയാണിത്. ഹിമാചലിലെ പ്രചാരണത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തിരുന്നില്ല. 

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന്റെ ആറാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 33 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 142 സ്ഥാനാർഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി – നിതീഷ് കുമാർ ഏറ്റുമുട്ടലിനാണ് കളമൊരുങ്ങുന്നത്. ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കാൻ ജെഡിയു തീരുമാനിച്ചിട്ടുണ്ട്.

പ്രചാരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പോരിനിറങ്ങാനാണ് നിതീഷിന്റെ തീരുമാനം. മുൻ ജെഡിയു നേതാവ് ചോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യമുണ്ടാക്കി ഗുജറാത്തിൽ ജെഡിയു മത്സരിക്കും.

നിതീഷ് കുമാർ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ചോട്ടു ഭായ് വാസവ അറിയിച്ചു. ജെഡിയു സ്ഥനാർഥികൾ മത്സരിക്കുന്നില്ല എങ്കിൽ പോലും ബിജെപിക്കെതിരെ പ്രചാരണത്തിനായി എത്തുമെന്ന് നിതീഷ് കുമാർ അറിയിച്ചതായാണ് വിവരം. ജഗതിയ സീറ്റിൽ നിന്ന് എഴു തവണ നിയമസഭയിൽ എത്തിയ വാസവ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ആദിവാസി നേതാക്കളിൽ ഒരാളാണ്. 12 സ്ഥാനാർഥികളെയാണ് ഭാരതീയ ട്രൈബൽ പാർട്ടി പ്രഖ്യാപിച്ചത്.

അതേസമയം, ഗുജറാത്തിൽ ഇത്തവണ ബിജെപി 150ലേറെ സീറ്റുകൾ നേടുമെന്ന് ഹാർദിക് പട്ടേൽ അവകാശപ്പെട്ടു. സാമ്പത്തിക സംവരണത്തിലെ സുപ്രിംകോടതി വിധി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമാകും എന്നാണ് ഹാർദികിന്റെ കണക്കുകൂട്ടൽ.