India National

കോൺഗ്രസിന്റെ തോൽവിയുടെ ആക്കം കൂട്ടി രാഹുലിന്റെ അമേഠിയിലെ പരാജയം

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി ഭാരം വർധിപ്പിച്ചത് അധ്യക്ഷൻ ‌രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പരാജയമായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷം കവിഞ്ഞപ്പോൾ കർമ്മമണ്ഡലമായ അമേഠിയിൽ നേരിടേണ്ടി വന്നത് ദയനീയ പരാജയം. അര ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി സമൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്.

അമേഠി മണ്ഡലം നൽകിയ പരാജയ സൂചനകളെ തിരിച്ചറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച കോൺഗ്രസ്, പാർട്ടി അധ്യൻ രാഹുൽ ഗാന്ധിയുടെ പരാജയം ചോദിച്ച് വാങ്ങിയതാണ്. 2004 മുതൽ തുടർച്ചയായി അമേഠിയെ പ്രതിനിധീകരിക്കുന്നുണ്ട് രാഹുൽ ഗാന്ധി. ഒരോ തവണയും ഭൂരിപക്ഷം കുറഞ്ഞുവന്നു. 2014 ലെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍പരം വോട്ട് മാത്രം. 2017 നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസ് അടിത്തറ പൂർണമായി ഇളകി.

ഇത് മുതലെടുക്കുകയായിരുന്നു സ്മൃതി ഇറാനിയും ബിജെപിയും. 2014ല്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ സജീവമായിരുന്നു സ്മൃതി ഇറാനി. രാഹുൽ ഗാന്ധി മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പരാജയം ഉറപ്പാണെന്നുമുള്ള ബി.ജെ.പി പ്രചാരം പരോക്ഷമായി സമ്മതിക്കുന്നതായി രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. ഭൂരിപക്ഷം ന്യൂനപക്ഷമായിടത്തേക്ക് ഓടിപ്പോയെന്ന വിമര്‍ശവും തിരിച്ചടിയായി. 1967 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ 3 തവണയാണ് മണ്ഡലം കൈവിട്ടു പോകുന്നത്. ഇതോടെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലവും ഗാന്ധി കുടുംബത്തിന്റെ ചരിത്രത്തിൽ നിർണായക മണ്ഡലവുമായ അമേഠി ബി.ജെ.പി സ്വാധീന മേഖലയാവുകയാണ്.