India National

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക.

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി.

അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ പ്രതിരോധിക്കാനാണ് ഇറ്റൊലൈസുമാബ് നൽകുന്നത്. കോവിഡ് ബാധിച്ചവരിൽ സൈറ്റോക്കിന്റെ ഉത്‌പാദനം വർധിക്കുന്നതിലൂടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ തൃപ്തികരമായിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ വിദഗ്ധരും അടുങ്ങുന്ന കമ്മറ്റിയാണ് മരുന്ന് പരീക്ഷണം നടത്തിയത്. ഫലം തൃപ്തികരമായതുകൊണ്ടാണ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് ഡോ. സൊമാനി വ്യക്തമാക്കി.

ബയോകോൺ ആണ് ഇറ്റൊലൈസുമാബിന്റെ ഉത്‌പാദകർ. മരുന്ന് നല്‍കുന്നതിന് മുന്‍പ് കോവിഡ് രോഗിയുടെ അനുമതി തേടും.